Photo | PTI
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ വിരാട് വിരാട് എന്ന് ആര്‍ത്തുവിളിച്ചത് വെറുതെയായില്ല. അതിനുള്ള മറുപടി കോലി നല്‍കുക തന്നെ ചെയ്തു. ബാറ്റില്‍ കവിതയെഴുതി കോലി മുന്നേറിയപ്പോള്‍ ടീമിന് അതേറ്റുപാടാതിരിക്കാനായില്ല. കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. സീസണില്‍ രണ്ടാം മത്സരം കളിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ജയം ഹോം ഗ്രൗണ്ടില്‍വെച്ചുതന്നെയായി. പഞ്ചാബിന് ആദ്യ തോല്‍വി രുചിക്കേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടിയായ ബെംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയിച്ചു. വിരാട് കോലിയുടെ (49 പന്തില്‍ 77 റണ്‍സ്) ഇന്നിങ്‌സാണ് ബെംഗളൂരുവിനെ തുണച്ചത്. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും (10 പന്തില്‍ 28) മഹിപാല്‍ ലാംററും (എട്ട് പന്തില്‍ 17) ചേര്‍ന്ന് ബെംഗളൂരുവിന് വിജയം ഉറപ്പിക്കുകയായിരുന്നു.
മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. മൂന്ന് റണ്‍സാണ് സമ്പാദ്യം. കഗിസോ റബാദയുടെ പന്തില്‍ സാം കറന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. അതേ റണ്‍സ് തന്നെ നേടി കാമറൂണ്‍ ഗ്രീന്‍ രണ്ടാമതായും മടങ്ങി. പിന്നീട് രജത് പാട്ടിദറും കോലിയും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 18 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത് പാട്ടിദര്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ പുറത്തായി.
മൂന്ന് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 11 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പുറത്തായപ്പോഴും പ്രതീക്ഷയുടെ തിരി കത്തിച്ച് കോലി ഒരു വശത്തുണ്ടായിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനാറാം ഓവറിലെ അവസാനത്തെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ ടീം പരുങ്ങലിലായി. പക്ഷേ, പിന്നീട് മഹിപാല്‍ ലാംററും ദിനേഷ് കാര്‍ത്തിക്കും നടത്തിയ വെടിക്കെട്ടില്‍ പഞ്ചാബ് ചാരമായി. പഞ്ചാബിനുവേണ്ടി കഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടും സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റു നേടി.
നേരത്തേ 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിനായി കൂടുതല്‍ റണ്‍സ് നേടിയത്. പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. പവര്‍ പ്ലേയില്‍ 40 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. മൂന്നാം ഓവറില്‍ ജോണി ബെയര്‍ സ്‌റ്റോയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പിന്നാലെ ധവാനും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 17 പന്തില്‍ 25 റണ്‍സുമായി പ്രഭ്‌സിമ്രാനെ അനൂജ് റാവത്തിന്റെ കൈകളിലേക്ക് നല്‍കി മാക്‌സ്‌വെല്‍ പറഞ്ഞയച്ചു.
തുടര്‍ന്നെത്തിയത് ലാം ലിവിങ്സ്റ്റണ്‍. കഴിഞ്ഞ കളിയിലെ ലിവിങ്സ്റ്റന്റെ അവസാന ഓവറുകളിലെ വമ്പന്‍ അടി പ്രതീക്ഷിച്ചാണ് ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് പരീക്ഷിച്ചതെങ്കിലും വിജയിച്ചില്ല. 13 പന്തില്‍ 17 റണ്‍സെടുത്ത് മടങ്ങി. അനുജ് റാവത്തിന് ക്യാച്ച്. തൊട്ടുപിന്നാലെ ശിഖര്‍ ധവാനും പുറത്തായി. ഒരു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെയാണ് ധവാന്റെ സ്‌കോര്‍.
തുടര്‍ന്ന് സാം കറന്‍ (17 പന്തില്‍ 23), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (20 പന്തില്‍ 27), ഹര്‍പ്രീത് ബ്രാര്‍ (പൂജ്യം) എന്നിവരും പുറത്തായി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ 17 റണ്‍സാണ് ടീമിനെ 175 കടത്തിയത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി മാക്‌സ്‌വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലിനും അല്‍സാരി ജോസഫിനുമാണ് ശേഷിച്ച വിക്കറ്റുകള്‍.
