സിദ്ധാർഥൻ, പൂക്കോട് വെറ്റിനറി കോളേജ്

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഇടപെടലെന്ന് ആരോപണം. വെറ്ററിനറി സര്വകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനാണ് ഹോസ്റ്റലിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് വാര്‍ഡനെകൊണ്ട് കുട്ടികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തിച്ചതെന്നാണ് ആരോപണമുയരുന്നത്.

സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ ഫെബ്രുവരി 16-ന് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ഉന്നത ഉദ്യോഗസ്ഥയുടെ ബന്ധുവിന്റെ പേരും ഹോസ്റ്റലിന്റെ ചുമതലയുള്ള അസി.വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആന്റി റാഗിങ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്ത ശേഷം അദ്ദേഹം തന്നെ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ നേതാവിന്റെ ബന്ധുവടക്കം രണ്ടാം വര്‍ഷക്കാരായ രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി. അവര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും ലിസ്റ്റില്‍ അറിയാതെ ഉള്‍പ്പെട്ട് പോയതാണെന്നുമാണ് വിശദീകരിച്ചിരിക്കുന്നത് .ഈ കാരണം പറഞ്ഞാണ് അപ്പീല്‍ സ്വീകരിച്ച ശേഷം വൈസ് ചാന്‍സലര്‍ രണ്ടുപേരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന 98 പേരെ റാഗിങ് നടന്ന വിവരം അറിയിച്ചില്ലെന്ന കാരണംകൊണ്ട് കോളേജില്‍നിന്ന് ഒരാഴ്ചത്തേക്ക് ആന്റി റാഗിങ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ വയനാട്ടില്‍ ഹര്‍ത്താല്‍ കാരണം ഒരു ദിവസത്തേക്ക് കല്‍പറ്റയില്‍നിന്ന് റാഗിങ് നടന്ന ഹോസറ്റലിലേക്ക് മാറിയ 31 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റാഗിങില്‍ പങ്കില്ലെന്ന് മനസ്സിലാക്കി വി.സി. ഒഴിവാക്കിക്കൊടുത്തു. അവരുടെ കൂട്ടത്തില്‍ തന്നെയാണ് എല്ലാ ചട്ടങ്ങളും മറികടന്ന് 2020-ലെ ബാച്ചുകാരായ രണ്ടുപേര്‍ക്കെതിരെയുള്ള നടപടികൂടെ റദ്ദാക്കിയത്. സ്വന്തക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ആന്റി റാഗിങ് കമ്മിറ്റിയെടുത്ത നടപടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ സര്‍വകലാശാല ഇടപെട്ടതെന്നാണ് ആക്ഷേപമുയരുന്നത്.

സസ്‌പെന്‍ഷനിലായ മുന്‍ വി.സി.യുടെ കാലത്താണ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയതെന്നാണ് വിവരം. സിദ്ധാര്‍ഥന്റെ മരണത്തിനു ശേഷമുണ്ടായ സമരങ്ങളെ തുടര്‍ന്ന് കോളേജ് ഒരാഴ്ച അടച്ചിട്ട് തുറന്നപ്പോഴേക്കും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രേഖകളില്‍ നടപടിക്ക് വിധേയരായി എന്ന് വരാതിരിക്കാനാണ് നടപടി റദ്ദാക്കിയത്. ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനം അപ്പീലിലൂടെ റദ്ദാക്കാന്‍ വൈസ്ചാന്‍ലസര്‍ക്ക് അധികാരമുണ്ട്. പക്ഷേ അതില്‍ ദുരൂഹമായ ഇടപെടലുകള്‍ നടന്നതാണ് ആരോപണങ്ങള്‍ക്കിടയാക്കിയത്. സിദ്ധാര്‍ഥന്റെ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ് ആന്റി റാഗിങ് സ്‌ക്വാഡ് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പാകെ അവതരിപ്പിച്ചെങ്കിലും നിയമോപദേശം ലഭിച്ചശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. അതിന് മുൻപേ എന്തുകൊണ്ട് സര്‍വകലാശാല ധൃതിപ്പെട്ട് സസ്‌പെന്‍ഷന്‍ ഒഴിവാക്കിക്കൊടുത്തതെന്നും ചോദ്യമുയരുന്നുണ്ട്.

ഇതോടൊപ്പം ആന്റി റാഗിങ് സ്‌ക്വാഡ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ അതിരു കടക്കുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ഥി പ്രതിനിധികൾ കോളേജ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സക്വാഡ് കണ്ടെത്തിയ രണ്ട് റാഗിങ് കേസുകള്‍ പോലീസിന് കൈമാറിയെങ്കിലും സമ്മര്‍ദ്ദം കാരണം ഇരകള്‍ ഒടുവില്‍ നിഷേധിച്ചു. ഇതോടെ പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയാതായി.

രണ്ടു വിദ്യാർഥികളുടെ സസ്പെൻഷന് സ്റ്റേ

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ കഴിഞ്ഞ വർഷം നടന്നതായി പറയുന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത് ഹൈക്കോടതി ‌സ്റ്റേ ചെയ്തു. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷനാണ് സ്റ്റേചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റേതാണ് ഇടക്കാല ഉത്തരവ്.

രണ്ടാംവർഷ വിദ്യാർഥിയായ സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പുനടന്ന സംഭവത്തിന്റെ പേരിൽ മാർച്ച് 15-ന് തങ്ങളെയും സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്ന് ഹർജിക്കാർ പറയുന്നു.

സിദ്ധാർഥൻ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ വഴി തെറ്റിക്കാനാണ് ഇത്തരമൊരു നടപടി. ആരോപിക്കുന്നതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇരതന്നെ പറഞ്ഞിട്ടുണ്ട്. സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.

സി.ബി.ഐ അന്വേഷണം തുടങ്ങിയില്ല; സമരത്തിനിറങ്ങും -സിദ്ധാർഥന്റെ അച്ഛൻ

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിലെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ഒൻപതാം തീയതി വിജ്ഞാപനം ഇറക്കിയെങ്കിലും ഇതുവരെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ല. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ കുടുംബം സമരത്തിന്റെ മുഖ്യധാരയിലെത്തുമെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

വിജ്ഞാപനമായെങ്കിലും ഇത് യഥാസമയം സി.ബി.ഐ.ക്ക് കൈമാറാത്തതാണ് പ്രശ്നം. ഉത്തരവിറങ്ങി പതിനഞ്ചുദിവസം പിന്നിട്ടിട്ടും നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് കുറ്റവാളികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി സിദ്ധാർഥന്റെ ബന്ധുക്കൾ രംഗത്തെത്തി. അന്വേഷണം വൈകിപ്പിക്കുന്നതിലൂടെ തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോപണം.

ജയപ്രകാശ് തിങ്കളാഴ്ച വൈകീട്ട് ഗവർണറെ വീണ്ടും കണ്ട് അന്വേഷണം വൈകുന്നതിൽ പരാതി അറിയിച്ചു. എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ കണ്ടും സഹായം അഭ്യർഥിച്ചു.

ചുരുളഴിയാത്ത ദുരൂഹതകളുടെ കേസ്

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 പ്രതികൾ അറസ്റ്റിലായെങ്കിലും പൂർണമായും ദുരൂഹതകളുടെ ചുരുളഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും സാരമായ മുറിവുകളാണ് സിദ്ധാർഥന്റെ കഴുത്തിലടക്കമുള്ളത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിന് ഉത്തരംകിട്ടണമെങ്കിൽ ഫൊറൻസിക് പരിശോധന കഴിയണം. കൂടുതൽ വിദ്യാർഥികൾക്ക് റാഗിങ്ങിൽ പങ്കുണ്ടെന്ന് കോളേജിലെ ആന്റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. അവരിലേക്ക് ഇതുവരെ പോലീസ് അന്വേഷണമെത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതി കാശിനാഥനൊപ്പം ഹോസ്റ്റലിന് സമീപത്തെ കുന്നിൽ ഒരു പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നതായി വിവരം ലഭിച്ചെന്ന് സ്ക്വാഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാഗിങ്ങിൽ പെൺകുട്ടിയുടെ പങ്ക് കണ്ടെത്തണമെങ്കിൽ വിശദമായ പോലീസ് അന്വേഷണം വേണം.

റാഗിങ്ങിൽ പങ്കുണ്ടെന്ന് സ്ക്വാഡ് കണ്ടെത്തിയ ഹാഷിം എന്ന വിദ്യാർഥിയുടെപേരിലും പോലീസ് കേസെടുത്തിട്ടില്ല. ഇതെല്ലാം എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തെളിവില്ലെന്നാണ് പോലീസ് നൽകുന്ന മറുപടി. കുട്ടികളെ ചോദ്യംചെയ്യുന്നതിന് റാഗിങ് വിരുദ്ധ സ്ക്വാഡിന് പരിമിതമായ അധികാരങ്ങളെയുള്ളൂ. മാത്രമല്ല, അന്വേഷണം കൂടുതൽപ്പേരിലെത്താതിരിക്കാൻ സ്ക്വാഡിന് മേൽ ശക്തമായ സമ്മർദം ചെലുത്തുന്നുവെന്ന ആരോപണമുണ്ട്.

ഫെബ്രുവരി 18-ന് മരണം നടന്ന ദിവസം കേസ് കൈകാര്യം ചെയ്തതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന വിമർശനമുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സീൻ മഹസർ തയ്യാറാക്കുന്നതുവരെ കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്യണമെന്നാണ് നിബന്ധന. പക്ഷേ, അതുണ്ടായില്ല. മരണം നടന്നത് ഉച്ചയ്ക്ക് 12.30-നും 1.45-നുമിടയിലാണെങ്കിലും വൈത്തിരി പോലീസ് സ്റ്റേഷനിൽ വിവരമറിയുന്നത് വൈകീട്ട് 4.29-നാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വ്യത്യാസം വന്നത് എന്നത് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോളേജ് അധികൃതർ എത്തുന്നതിന് മുൻപ് തന്നെ മൃതദേഹം കൊണ്ടുപോവാനായി ആംബുലൻസ് സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളാണ് വിളിച്ചത്. കോളേജ് അധികൃതരെ അറിയിക്കാതെ വിദ്യാർഥികൾ പുറത്തുള്ളവരുടെ സഹായംതേടിയെന്നും വിവരമുണ്ട്.

കേസിൽ പ്രതികളായവരുടെ ഭാഗത്തുനിന്ന് തെളിവുനശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും ആരോപണമുണ്ട്. സിദ്ധാർഥൻ മരിച്ച ദിവസം പ്രതികളടക്കമുള്ളവർ എന്തുകൊണ്ട് കൂട്ടത്തോടെ സിനിമയ്ക്കു പോയെന്നും അത് ഹോസ്റ്റലിൽ മറ്റെന്തെങ്കിലും സാഹചര്യം സൃഷ്ടിക്കാനായിരുന്നോ എന്നെല്ലാമുള്ള സംശയങ്ങൾ ബാക്കിയാണ്.