കെ. സുരേന്ദ്രൻ
കൽപ്പറ്റ: വയനാട്ടിൽ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ സുരേന്ദ്രൻ. വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല പാർട്ടിയെ നയിക്കും എന്നായിരുന്നു ആദ്യ തീരുമാനം. ഇപ്പോൾ വയനാട്ടിലെ സ്ഥാനാർത്ഥിയാണ്. സംഘടനാ ചുമതലകളിൽ നിന്നും മാറുമോ?
കേന്ദ്രനേതൃത്വമാണ് വയനാട് ജില്ലയിൽ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. രാഹുൽഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണം എന്നാണ് കേന്ദ്രം നേതൃത്വം അറിയിച്ചത്. ഇത് മോദി, അമിത് ഷാ, നദ്ദ തുടങ്ങിയവരെല്ലാം ചേർന്നെടുത്ത തീരുമാനമാണ്. അതുകൊണ്ട് ഞാൻ മത്സരിക്കുന്നു. അതല്ലാതെ സംസ്ഥാന നേതൃപദവി ഒഴിയുന്ന കാര്യത്തിലോ അല്ലെങ്കിൽ മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കുന്ന കാര്യത്തിലോ എനിക്ക് ഇതുവരെ നിർദ്ദേശങ്ങൾ ഒന്നും കിട്ടിയിട്ടില്ല.
രാഹുൽ ഗാന്ധിയും ആനി രാജയുമാണ് എതിർ സ്ഥാനാർത്ഥികൾ എത്രത്തോളം പ്രതീക്ഷയുണ്ട് ഈ മത്സരത്തിൽ?
രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തില്ല എന്നല്ല, എന്ത് ചെയ്തു എന്നാണ് ഞാൻ ചോദിക്കുന്നത് . രാഹുൽ ഗാന്ധി വയനാടിനു വേണ്ടി എന്താണ് ചെയ്തത് എന്നാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം. രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെതായ എന്തെങ്കിലും ഒരു പദ്ധതി വയനാട്ടിൽ കൊണ്ടുവന്നിട്ടുണ്ടോ? എംപി ഫണ്ട് ചെലവഴിച്ചത് ഒഴിച്ചാൽ അദ്ദേഹത്തിന്റെതായിട്ട് എന്തെങ്കിലും ഒരു പദ്ധതി വയനാട്ടുകാർക്ക് കിട്ടിയിട്ടുണ്ടോ? വയനാടിന്റെ എന്തെങ്കിലും ഒരു പ്രശ്നം കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? 20 ശതമാനത്തിൽ കൂടുതൽ ആദിവാസികൾ ഉള്ള ജില്ലയാണ് വയനാട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ബുദ്ധിമുട്ട് മനസ്സിലാക്കാനും രാഹുൽ ഗാന്ധി എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അദ്ദേഹം വയനാടിന് വേണ്ടി പാർലമെൻറിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്? ഇതൊക്കയാണ് എന്റെ ചോദ്യം.
വയനാട് ഒരു ആസ്പിരേഷണൽ ജില്ലയായിട്ട് മോദി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . സ്മൃതി ഇറാനി മൂന്ന് തവണ അവിടെ വന്ന് അതിനു നേതൃത്വം നൽകിയിട്ടുണ്ട്. എത്രയോ തവണയായി കളക്ടറേറ്റ് യോഗം നടക്കുന്നു, എംപിക്ക് പ്രധാനപ്പെട്ട റോൾ ഈ പ്രോജക്ടിൽ ഉണ്ട് എന്നാൽ ഒരു യോഗത്തിൽ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല. വന്യജീവി പ്രശ്നങ്ങൾ ഉൾപ്പെടെ വനമേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ട് എന്താണ് അവിടുത്തെ ജനങ്ങൾക്ക് വേണ്ടത് എന്ന് രാഹുൽഗാന്ധി എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അവിടെയുള്ള ആളുകൾക്ക് തൊഴിലവസരം കിട്ടുന്ന എന്തെങ്കിലും ഒരു പദ്ധതി അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടോ? രാഹുൽ ഗാന്ധി ലോകം മുഴുവൻ ബന്ധങ്ങൾ ഉള്ള നേതാവാണ്, എന്നിട്ടും അവിടുത്തെ ടൂറിസം വികസനത്തിന് വേണ്ടി എന്തെങ്കിലും ഒരു പ്രോജക്ട് കൊണ്ടുവന്നോ? എംപി എന്ന നിലയ്ക്ക് അദ്ദേഹം എത്ര തവണ അവിടെ വന്നിട്ടുണ്ട്? ഇവിടെ ഒരുപാട് എംപിമാർ ഉണ്ട് മറ്റാർക്കെതിരെയും ഞാൻ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നില്ല, പക്ഷേ രാഹുൽ ഗാന്ധി അദ്ദേഹം അവിടെ എന്ത് സംവിധാനമാണ് ചെയ്തത്. എംപി എന്ന നിലയിൽ അദ്ദേഹം ഒരു പരാജയം ആണ്. ഒരു എംപി എന്ന നിലയിൽ രാഹുൽഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനായ ഒരു എംപി അല്ല ഒരു പെർഫോമൻസും ആ രീതിയിൽ അദ്ദേഹം കാഴ്ച വച്ചിട്ടില്ല.
രാഹുൽ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസയിലാണ് വയനാട്ടിൽ വന്നത്. പക്ഷെ ഞാൻ പെർമനന്റ് വിസയുള്ള ആളാണ് എന്നതാണ് പ്രധാന വ്യത്യാസം. ഞാൻ ഈ നാട്ടുകാരനാണ് , എൻറെ പൊതു ജീവിതം ആരംഭിച്ചത് വയനാട്ടിലാണ്. അവിടെ യുവമോർച്ച ജില്ലാ പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 10 വർഷം ഞാൻ വയനാട്ടിൽ സ്ഥിരതാമസക്കാരൻ ആയിരുന്നു. ആ നാട്ടുകാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. തദ്ദേശീയനും നാട്ടുകാരനുമായുള്ള ഒരു സ്ഥാനാർത്ഥിയാണ് ഞാൻ. അതിന്റെ പ്രയോജനം തീർച്ചയായും ജനങ്ങൾ എനിക്ക് നൽകും.
കോൺഗ്രസിന് മേൽക്കോയ്മ ഉള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 80,000ത്തിൽ താഴെ വോട്ട് മാത്രം കിട്ടിയ മണ്ഡലമാണ്. അവിടെ വലിയൊരു മാറ്റം ഉണ്ടാക്കാൻ ഇത്തവണ പറ്റുമോ?
അങ്ങനെയൊരു മേൽക്കോയ്മ ഒന്നുമില്ല. ജനങ്ങൾ ആണ് യജമാനന്മാർ അവർ തീരുമാനിക്കും ആർക്ക് മേൽക്കോയ്മ നൽകണമെന്ന്. വയനാട്ടിൽ ശക്തമായ വെല്ലുവിളി ബിജെപി ഉയർത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. അമേഠി എത്രയോ വർഷങ്ങളായി കോൺഗ്രസ് കൈവശം വെച്ചിരുന്ന മണ്ഡലമായിരുന്നു. അവിടെ വേറൊരു പാർട്ടി പോലും ഉണ്ടായിരുന്നില്ല . നെഹ്റു കുടുംബത്തിന് ഓപ്പോസിറ്റേഷൻ ഇല്ലാത്ത സ്ഥലം ആയിരുന്നു അമേഠി. അവിടെ എന്തായി കഴിഞ്ഞ തവണ? കഴിഞ്ഞതവണത്തെ വോട്ടിന്റെ അടിസ്ഥാനത്തിൽ അല്ല, അഞ്ചുവർഷത്തെ എംപി എന്ന നിലയിലുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അവിടെ രാഹുൽ ഗാന്ധിയെ വിലയിരുത്തുന്നത്.
അദ്ദേഹം പ്രധാനമന്ത്രിയാവും എന്ന ഒരു നരേറ്റീവ് കഴിഞ്ഞതവണ വളരെ ശക്തമായിരുന്നു. അതാണ് അദ്ദേഹത്തിന്അത്രയും വോട്ട് കിട്ടാൻ കാരണം, അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. രാഹുൽ ഗാന്ധിയാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി എന്ന ഒരു നരേറ്റീവ് ഉണ്ടായപ്പോൾ ഒരു പ്രധാനമന്ത്രിയുടെ കോൺസ്റ്റിറ്റ്യുൻസി എന്ന നിലയ്ക്കാണ് ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തത്. പക്ഷെ അഞ്ചുവർഷങ്ങൾ കൊണ്ട് ജനങ്ങൾക്ക് കാര്യം മനസ്സിലായി. എംപി ആയതിനു ശേഷം അവർക്ക് ഒരു പ്രയോജനവും കിട്ടിയിട്ടില്ല. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.
വയനാട്ടിലെ ആദിവാസികൾക്കും, പാവപ്പെട്ടവർക്കും, സാധാരണ ജനങ്ങൾക്കും, മോദി ഗ്യാരണ്ടിയുടെ ഭാഗമായി നിരവധി പദ്ധതികൾ കിട്ടിയിട്ടുണ്ട്. വയനാടിന് ഇനിയും വികസനം വേണമെങ്കിൽ മോദി തന്നെ വേണം. അത് അവിടുത്തെ ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്. വയനാടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സ്മൃതി ഇറാനി അമേഠിയിൽ ചെയ്തതുപോലെ ചെയ്യാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യ മുന്നണിയിലെ രണ്ട് പാർട്ടികളുടെ ദേശീയ നേതാക്കൾ വയനാട്ടിൽ മത്സരിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു?
ഞാൻ മത്സരിക്കുന്നത് ഇന്ത്യ മുന്നണിക്കെതിരെയാണ്. മുന്നണിയിൽ ആരാണ് വലുത് ആരാണ് ചെറുത് എന്ന് അവർ തീരുമാനിക്കട്ടെ. മത്സരം എൻഡിഎയും ഇന്ത്യ മുന്നണിയും തമ്മിലാണ്. ഇടതിന് ഈ തിരഞ്ഞെടുപ്പിൽ അവിടെ പ്രസക്തിയില്ല എന്നതാണ് എൻറെ ഒരു കണക്കുകൂട്ടൽ. ഇടതുമുന്നണി വയനാട്ടിൽ ഇറെലവെൻറ് ആണ്. നിങ്ങൾ എനിക്കെതിരെ മത്സരിക്കരുതെന്ന് ആനിരാജ തന്നെ പറഞ്ഞു. അവർ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുകയാണ് മത്സരിക്കരുതെന്ന്. അങ്ങനെയൊരു സാഹചര്യത്തിൽ അതിൻറെ പ്രസക്തി എത്രമാത്രം ഉണ്ട് എന്നത് ഞാൻ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഞാൻ ആരേയും ചെറുതായി കാണുന്നില്ല.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിൽ ആശങ്കയുണ്ടോ?
മറ്റ് പാർട്ടികൾ നേരത്തെ പ്രചാരണ രംഗത്ത് ഉണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും പാർട്ടി തിരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമായി നടക്കുന്നുണ്ട്. നാളെ വൈകിട്ട് കൽപ്പറ്റയിൽ ആദ്യപ്രചരണം. രാഹുൽ ഗാന്ധിയുടെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടേയിരിക്കും എൻറെ ക്യാമ്പയിൻ. വിജയപ്രതീക്ഷയിൽ തന്നെയാണ് മത്സരിക്കാൻ പോകുന്നത് അതിൽ കുറഞ്ഞ ഒന്നും ആലോചിക്കുന്നില്ല.
വയനാട്ടിൽ വന്യ ജീവി പ്രശ്നത്തിൽ ഉൾപ്പടെ കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ ബിജെപിയെ പ്രതീകൂലമായി ബാധിക്കില്ലെ?
കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്ന പ്രചാരണങ്ങൾ വനമന്ത്രി ഉപേന്ദ്ര യാദവ് തന്നെ വന്നു പൊളിച്ചതാണ്. മനുഷ്യന് ഭീഷണി ആവുന്ന മൃഗങ്ങളെ വെടിവയ്ക്കാനുള്ള ഉത്തരവുണ്ട്. ഒപ്പം കേന്ദ്രം നീക്കിവെച്ച ഫണ്ടിന്റെ കണക്ക് അടക്കം അദ്ദേഹം തന്നെ നേരിട്ട് അറിയിച്ചതാണ്. ഇതെല്ലാം വയനാട്ടിലെ ജനങ്ങൾക്കിടയിൽ പ്രചാരണ വിഷയമാക്കും. സംസ്ഥാനം ഉന്നയിക്കുന്ന പ്രചരണത്തിൽ അടിസ്ഥാനമില്ല എന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിൽ ഉണ്ട്.
കെ. സുരേന്ദ്രനെ കേന്ദ്ര മന്ത്രി സഭയിലേക്ക് പരിഗണിക്കുന്നു എന്ന പ്രചാരണങ്ങളിൽ കഴമ്പുണ്ടോ?
കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു എന്നതൊക്കെ വെറും പ്രചാരണങ്ങളും വാർത്തകളും മാത്രമാണ്. ഞാൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. ഞാനൊരു പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണ്. ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കിയല്ല മത്സരിക്കുന്നതും മത്സരിക്കാതിരിക്കുന്നതും. അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾ ആണ് അതൊക്കെ.
വയനാട്ടിൽ പ്രചാരണത്തിന് മോദി എത്തുമോ?
താര പ്രചാരണത്തിന് ആരൊക്കെ വരും എന്ന് നിലവിലെ സാഹചര്യത്തിൽ പറയാൻ കഴിയില്ല. ഫൈനൽ ഷെഡ്യൂൾ വന്നിട്ടില്ല, എന്നാലും പ്രധാന നേതാക്കൾ എല്ലാം വയനാട്ടിൽ വരണം എന്നാണ് ആഗ്രഹിക്കുന്നത്.
