ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും പുതിയ വാഹനത്തിനൊപ്പം | Photo: Facebook
മിനി കൂപ്പര്‍ എസ് ട്രാക്ക് എഡിഷന്‍ പതിപ്പാണ് ലിസ്റ്റിന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
റേഞ്ച് റോവര്‍ എസ്.യു.വി. സ്വന്തമാക്കിയതിന് പിന്നാലെ മിനി കൂപ്പര്‍ എന്ന കുഞ്ഞന്‍ ആഡംബര വാഹനം സ്വന്തമാക്കി വിജയ സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. അദ്ദേഹം തന്നെയാണ് പുതിയ ആഡംബര വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കൊച്ചിയിലെ മിനി വിതരണക്കാരായ മിനി ഇ.വി.എം.ഒാട്ടോക്രാഫ്റ്റില്‍ കുടുംബസമേതം എത്തിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
മിനി കൂപ്പര്‍ എസ് ട്രാക്ക് എഡിഷന്‍ പതിപ്പാണ് ലിസ്റ്റില്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മെക്കാനിക്കല്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ റെഗുലര്‍ മോഡലിലേത് പിന്തുടരുന്ന ട്രാക്ക് എഡിഷന്‍ പതിപ്പിന്റെ ഗ്രില്ലിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. പുതുമയുള്ള ഡിസൈനിനൊപ്പം ജെ.സി.ഡബ്ല്യു വര്‍ക്ക്‌സ് ബാഡ്ജിങ്ങും നല്‍കിയാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ട്രാക്ക് എഡിഷന്‍ പ്രത്യേക നിറവും റെഡ് റൂഫുമാണ് മറ്റൊരു സവിശേഷത.
റെഗുലര്‍ മിനി കൂപ്പര്‍ എസ് മോഡലിന്റെ സ്‌പോര്‍ട്ടി ഭാവങ്ങള്‍ എല്ലാം ട്രാക്ക് എഡിഷന്‍ പതിപ്പിലും നല്‍കിയിട്ടുണ്ട്. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ക്രോമിയം ഇന്‍സേര്‍ട്ടുകളുടെ അലങ്കാരത്തിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഇന്‍സേര്‍ട്ടുകളാണ് ട്രാക്ക് എഡഷനില്‍ നല്‍കിയിട്ടുള്ളത്. വലിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന്‍ ഹെഡ്ലാമ്പും വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും റെഗുലര്‍ മോഡലില്‍ നിന്നും കടംകൊണ്ടവയാണ്.
ബ്ലാക്ക് നിറത്തിലുള്ള ലെതറില്‍ തീര്‍ത്ത സ്പോര്‍ട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. സ്പോര്‍ട്ടിയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ സ്റ്റിയറിങ് വീല്‍, പാഡില്‍ ഷിഫ്റ്റ്, സ്റ്റീല്‍ പെഡല്‍, ജോണ്‍ കൂപ്പര്‍ വര്‍ക്സ് ബാഡ്ജിങ്ങുള്ള ഡോര്‍ സില്‍ എന്നിവയാണ് ഇന്റീരിയന്റെ സൗന്ദര്യം. ഉയര്‍ന്ന ലെഗ്റൂം, ഹെഡ്റൂം, വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളും എല്‍ഇഡി ലൈറ്റും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മിനി കൂപ്പറിന്റെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ട്രാക്ക് എഡിഷനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 231 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
