പ്രതി മുഹമ്മദ് ഫായിസ്

മലപ്പുറം: കാളികാവില്‍ പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരി നേരിട്ടത് ക്രൂരപീഡനം. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) മിക്കദിവസങ്ങളിലും കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമര്‍ദനത്തിന്റെ തെളിവുകളുണ്ട്.

വാരിയെല്ലു തകര്‍ത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്. നിരന്തരം മര്‍ദനമേറ്റിരുന്നതായും കണ്ടെത്തി. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. ശരീരത്തിലേല്‍പ്പിച്ച പല പരിക്കുകള്‍ക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

കുഞ്ഞിന്റെ തലച്ചോര്‍ ഇളകിയനിലയിലായിരുന്നു. ഒരാഴ്ച മുന്‍പും കുഞ്ഞിന് മര്‍ദനത്തെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായിരുന്നു. ആ ഭാഗത്തുതന്നെയാണ് വീണ്ടും മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് ബോധംപോയ കുഞ്ഞിനെ ഫായിസ് കട്ടിലിലേക്ക് എറിഞ്ഞെന്നാണ് ആരോപണം. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു.

ഫായിസിന്റെ വീട്ടില്‍നിന്ന് പലപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും കുഞ്ഞിനെ തല്ലുന്നത് കണ്ടിട്ടുണ്ടെന്നുമാണ് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍. തല്ലുന്നത് കാണുമ്പോള്‍ തല്ലരുതെന്ന് അവരോട് പറയും. പക്ഷേ, ഞങ്ങളുടെ കുട്ടിയല്ലേ ഞങ്ങളുടെ ഇഷ്ടംപോലെ ചെയ്യുമെന്നായിരുന്നു അവര്‍ മറുപടി നല്‍കിയതെന്നും അയല്‍ക്കാര്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് കുഞ്ഞിന്റെ മാതാവ് ശഹബാനത്തിന്റെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ വീട്ടിലെത്തുന്നത്. വന്നപ്പോള്‍ മുന്‍ഭാഗത്തെ വാതിലും അടുക്കള വാതിലും പൂട്ടിയിട്ടനിലയിലായിരുന്നു. ‘എന്റെ കുട്ടി പോയല്ലോ’ എന്നുപറഞ്ഞാണ് ശഹബാനത്ത് കരഞ്ഞിരുന്നത്. ഏറെനേരം വിളിച്ചശേഷമാണ് ഫായിസിന്റെ വീട്ടുകാര്‍ വാതില്‍ തുറന്നത്. അകത്തുകയറിയപ്പോള്‍ കുഞ്ഞിനെ അടുക്കളയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസമുണ്ടായിരുന്നില്ല. കുട്ടിയെ എടുത്തയുടന്‍ ഛര്‍ദിച്ചു. ശരീരത്ത് തട്ടിയപ്പോള്‍ ഒന്ന് ശ്വാസംവലിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നും കുഴപ്പമൊന്നും ഇല്ലെന്നുമാണ് ഫായിസ് ഈ സമയത്ത് അയല്‍ക്കാരോട് പറഞ്ഞത്. വെള്ളം കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോകണ്ടേ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പോരെ എന്നായിരുന്നു ഫായിസിന്റെ പ്രതികരണം. വണ്ടി വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ വണ്ടിയൊന്നും വിളിച്ചിട്ടില്ലെന്നും പറഞ്ഞു. തുടര്‍ന്ന് റോഡിലിറങ്ങി ഒരു വാഹനം കൈകാണിച്ച് നിര്‍ത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും അയല്‍വാസിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

ഫായിസും കുടുംബവും താമസിച്ചിരുന്ന വീടിന് ചുറ്റും മറച്ചനിലയിലാണ്. അതിനാല്‍ പലപ്പോഴും മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം. പലസമയത്തും വീട്ടില്‍നിന്ന് ബഹളം കേട്ടിട്ടുണ്ട്. പിതാവിന് പുറമേ മാതാവും കുഞ്ഞിനെ തല്ലിയിരുന്നു. സംഭവദിവസം ഓടിയെത്തി കുഞ്ഞിനെ എടുത്തപ്പോള്‍ കുഴഞ്ഞ് അവശയായനിലയിലായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ പോലും വീട്ടുകാര്‍ ആരും കുഞ്ഞിനെ എടുത്തില്ലെന്നും അയല്‍ക്കാരിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

അത് അവന്റെ കുട്ടിയല്ല എന്നരീതിയിലായിരുന്നു ഫായിസിന്റെ പെരുമാറ്റം. ഫായിസിന്റെ ഭാര്യ കുറേക്കാലം അവരുടെ വീട്ടിലായിരുന്നു. ഭാര്യവീട്ടുകാര്‍ വന്നിട്ടും ഫായിസ് കുട്ടിയെ കൊടുത്തിരുന്നില്ല. മിക്കസമയത്തും കുട്ടി വീടിനുള്ളില്‍ തന്നെയായിരുന്നു. കുട്ടിയെ പുറത്തൊന്നും കാണാറില്ലെന്നും അയല്‍ക്കാര്‍ പ്രതികരിച്ചു.