അപകടത്തിന്റെ ദൃശ്യത്തിൽ നിന്ന്‌

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ വീണ് ഏഴ് പേരെ കാണാതായതായാണ് ആദ്യ റിപ്പോര്‍ട്ട്. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്‌.