Photo | PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2024-ലെ മുഴുവന്‍ ഷെഡ്യൂളും പുറത്തുവിട്ട് ബി.സി.സി.ഐ. മേയ് 26-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഐ.സി.സി.യുടെ 2024 ടി20 ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം അകലെയാണ്‌ ഐ.പി.എല്‍. അവസാനിക്കുക. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ചില ഐ.പി.എല്‍. മത്സരങ്ങള്‍ വിദേശത്തുവെച്ച് നടത്തുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്തായി. നേരത്തേ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്തുവിട്ടിരുന്നത്.

പ്ലേ ഓഫ് മത്സരങ്ങള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലുമായി നിശ്ചയിച്ചിട്ടുള്ളത്. ക്വാളിഫയര്‍ വണ്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ മേയ് 21, 22 തീയതികളില്‍ അഹമ്മദാബാദില്‍ നടക്കും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ മത്സരങ്ങള്‍ മേയ് 24, 26 തീയതികളില്‍ ചെന്നൈയിലും നടക്കും. പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് ചെന്നൈയും ഗുജറാത്തും എന്നത് പരിഗണിച്ചാണ് പ്ലേ ഓഫ്, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങള്‍ ഈ രണ്ട് സ്റ്റേഡിയങ്ങളില്‍ നിശ്ചയിക്കാന്‍ കാരണം.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. ഐ.പി.എല്‍. കഴിഞ്ഞ് അഞ്ചു ദിവസം മാത്രമാണ് താരങ്ങള്‍ക്ക് ലോകകപ്പിനായി ഒരുങ്ങാനാവുക. യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുക. നേരത്തേ ഇത് 16 ആയിരുന്നു. അഞ്ച് ടീമുകളടങ്ങിയ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഒരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് സൂപ്പര്‍ എട്ട് ഘട്ടം കളിക്കാനാവും.