തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി(ഇടത്ത്) മുൻ ഐ.ബി. മേധാവി പ്രഭാകർ റാവു(വലത്ത്) | Photo: ANI & NDTV

ഹൈദരാബാദ്: തെലങ്കാനയിലെ ഫോണ്‍ചോര്‍ത്തല്‍ കേസില്‍ ബി.ആര്‍.എസ്. പാര്‍ട്ടി പ്രതിരോധത്തില്‍. കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് നടന്ന ഫോണ്‍ചോര്‍ത്തലിലും ഇതിനോട് അനുബന്ധിച്ച് നടന്ന പണം തട്ടല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലുമാണ് ബി.ആര്‍.എസ് പാര്‍ട്ടിക്കെതിരേ ചോദ്യങ്ങളുയരുന്നത്. അതേസമയം, ഫോണ്‍ചോര്‍ത്തല്‍ കേസിലും മറ്റു ആരോപണങ്ങളിലും ബി.ആര്‍.എസ്. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബി.ആര്‍.എസ്. സര്‍ക്കാരിന്റെ കാലത്ത് നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. തെലങ്കാന ഐ.ബി. മേധാവിയായിരുന്ന ടി. പ്രഭാകര്‍ റാവു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഫോണ്‍ചോര്‍ത്തല്‍ കേസിലെ പ്രതികള്‍. ഇതില്‍ രണ്ട് എ.എസ്.പി.മാര്‍ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. എ.എസ്.പി.മാരായ ഭുജംഗറാവു, തിരുപ്പതണ്ണ, ഡി.എസ്.പി. പ്രണീത് റാവു എന്നിവരാണ് അറസ്റ്റിലായവര്‍. കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയിലുണ്ട്.

ബി.ആര്‍.എസ്. സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായിരുന്ന രവി പോള്‍ ആണ് ഫോണ്‍ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സഹായം നല്‍കിയതെന്നാണ് വിവരം. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയെ മറയാക്കി അനധികൃതമായി ഇസ്രയേലില്‍നിന്നാണ് ഈ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്. ഇതിനായി കേന്ദ്രത്തിന്റെ അനുമതിയും തേടിയിരുന്നില്ല. തുടര്‍ന്ന് രേവന്ത് റെഡ്ഡിയുടെ വീടിന് സമീപത്തായാണ് ഫോണ്‍ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നത്. 300 മീറ്റര്‍ ചുറ്റളവിലുള്ള സംഭാഷണങ്ങളെല്ലാം ഉപകരണം വഴി ചോര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം രവി പോള്‍ സ്വന്തമായി ഓഫീസ് ആരംഭിച്ചിരുന്നു. ഈ ഓഫീസിലാണ് ഫോണ്‍ചോര്‍ത്താനുള്ള ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്. തെലുഗ് ടി.വി. ചാനല്‍ ഉടമയായ ശ്രാവണ്‍ റാവു അടക്കമുള്ളവര്‍ ഇതിന് സഹായംചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

രാഷ്ട്രീയനേതാക്കളെ മാത്രമല്ല, സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെയും ഫോണ്‍ചോര്‍ത്തല്‍ സംഘം ലക്ഷ്യമിട്ടിരുന്നു. റിയല്‍എസ്‌റ്റേറ്റ് വ്യവസായികള്‍, ജൂവലറി ഉടമകള്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവരാണ് പോലീസിന്റെ അനൗദ്യോഗിക നിരീക്ഷണവലയത്തിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള ഫോണ്‍ചോര്‍ത്തല്‍ ഒരു സെലബ്രിറ്റി ദമ്പതിമാരുടെ വിവാഹമോചനത്തിന് കാരണമായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, ബി.ജെ.പി. നേതാവും വ്യവസായിയുമായ ശരണ്‍ ചൗധരി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ രാധാ കിഷന്‍ റാവുവും ഉമാമഹേശ്വര റാവുവും കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 21-ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ബി.ആര്‍.എസ്. മന്ത്രിയായിരുന്ന ദയാകര്‍ റാവുവിന്റെ ബന്ധുവിന് വസ്തു രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു ശരണ്‍ ചൗധരിയുടെ പരാതി. തട്ടിക്കൊണ്ടുപോയി തടവിലാക്കിയശേഷം തന്റെ വസ്തു മന്ത്രിയുടെ ബന്ധുവായ വിജയ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ ഭീഷണിപ്പെടുത്തി. ഇതിനുപുറമേ 50 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.