ശ്വേത മോഹൻ | Photo: instagram/ shweta mohan

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. അമ്മയും ഗായികയുമായ സുജാത മോഹനെപ്പോലെ ശ്വേതയും ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലും ശ്വേത പങ്കെടുത്തിരുന്നു. എആര്‍ റഹ്‌മാനോടൊപ്പമായിരുന്നു ശ്വേതയുടെ സംഗീത വിരുന്ന്.

ഇതിന് പിന്നാലെ അന്ന് ശ്വേത ധരിച്ച വ്യത്യസ്തമായ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു സിംപിള്‍ സ്‌കര്‍ട്ടും ടോപ്പുമാണ് താരം ധരിച്ചതെങ്കിലും അതിന്റെ ഡിസൈന്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള കറുപ്പ് സ്‌കര്‍ട്ടിനൊപ്പം അതേ നിറത്തിലുള്ള ബ്രാലെറ്റാണ് ശ്വേത ധരിച്ചത്. ഈ ബ്രാലെറ്റിന് മുകളിലായി മഞ്ഞ ട്രാന്‍സ്പാരന്റ് ഷര്‍ട്ടും താരം അണിഞ്ഞു.

ഈ ഔട്ട്ഫിറ്റ് ധരിച്ചുള്ള വീഡിയോ ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിന് താഴെ രസകരമായ ഒരുപാട് കമന്റുകളുണ്ട്. ട്രാന്‍സ്പാരന്റ് ഷര്‍ട്ട് റെയ്ന്‍ കോട്ട് പോലേയും പ്ലാസ്റ്റിക് കവര്‍ പോലെയുമാണ് പലര്‍ക്കും തോന്നിയത്. ‘ഇത് 100 രൂപയുടെ റെയ്ന്‍ കോട്ടല്ലേ’, പ്ലാസ്റ്റിക് എങ്ങനെയാണ് പുനരുപയോഗിക്കേണ്ടതെന്ന് ശ്വേത പഠിപ്പിച്ചു തന്നു, ഹെല്‍മെറ്റ് കൂടി വേണമായിരുന്നു എന്നെല്ലാമാണ് കമന്റുകള്‍. ഇതിനെല്ലാം മറുപടിയുമായി ശ്വേതയുമെത്തി. ‘നിങ്ങളില്‍ പലരുടേയും കമന്റുകള്‍ തമാശ നിറഞ്ഞതാണ്’ എന്നായിരുന്നു ശ്വേതയുടെ മറുപടി.