വിനീതിന്റെ അമ്മയും മുത്തശ്ശിയും(ഇടത്ത്) റഷ്യയിൽ ചതിയിൽപ്പെട്ട യുവാക്കൾ(ഫയൽചിത്രം,വലത്ത്)
തിരുവനന്തപുരം: ഇരമ്പിയാര്‍ക്കുന്ന കടലുപോലെ കലുഷിതമാണ് ഈ മൂന്ന് കുടുംബങ്ങളുടെയും ഉള്ളം. കടലില്‍ പോയി കുടുംബം പോറ്റിയിരുന്നെങ്കിലും അതുകൊണ്ട് ബാധ്യതകളൊന്നും ഒരിക്കലും തീരില്ലെന്ന് കരുതി നിരാശയിലാഴ്ന്നപ്പോഴാണ് പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ക്ക് റഷ്യയിലേക്ക് പോകാനുള്ള അവസരമൊരുങ്ങുന്നത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞിരുന്ന മൂവരും പിന്നൊന്നും ആലോചിച്ചില്ല. അങ്ങനെയവര്‍ കടല്‍കടന്നു.
ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതിയവര്‍ക്ക് എന്നെങ്കിലും ജയിച്ചുകാണിക്കാന്‍ കിട്ടിയ അവസാന കച്ചിത്തുരുമ്പായിരുന്നു റഷ്യയിലെ ജോലി വാഗ്ദാനം. പക്ഷേ, വട്ടിപ്പലിശയ്ക്ക് പണം കടംവാങ്ങി വിമാനംകയറി ചെന്നിറങ്ങിയതാകട്ടെ വെടിയുണ്ടകളും ബോംബുകളും ഷെല്ലുകളും പാറിനടക്കുന്ന യുദ്ധഭൂമിയിലും. ജയിച്ചുകാണിക്കാനായി പുറപ്പെട്ടവര്‍ വീണ്ടുമൊരിക്കല്‍കൂടി പരാജിതരായി. ഇനി ആരിവരെ രക്ഷിക്കും.
കൊണ്ടുത്തരില്ലേ ഞങ്ങളെ മക്കളെ, അവരുടെ ശബ്ദമെങ്കിലും കേള്‍പ്പിച്ചുതരു
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനൊപ്പം അവര്‍ നിന്നുരുകുകയാണ്. മൂന്ന് പേരെയും തിരികെ കൊണ്ടുവരണമെന്ന് പറയുമ്പോള്‍ വിനീതിന്റെ അമ്മ പനിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. അവര്‍ എവിടെയാണെന്ന് അറിഞ്ഞാലെങ്കിലും സമാധാനമുണ്ടാകുമായിരുന്നു”, ടിനുവിന്റെ അമ്മ പറയുന്നു.
ജനുവരിയിലാണ് മക്കള്‍ മൂന്നുപേരും പോയത്. അവിടെ എത്തിയതിന് പിന്നാലെ വിളിച്ചു. ജനുവരി അവസാനം വിളിച്ചതിന് ശേഷം ഇതുവരെ അവരെപ്പറ്റി യാതൊരു വിവരവുമില്ല. അവസാനം പ്രിന്‍സിന് പരിക്കുപറ്റി അവിടെനിന്ന് വിളിക്കാനായി പറ്റിയപ്പോഴാണ് അവര്‍ ചെന്നുപെട്ട അപകടം അറിയുന്നത്. കാലിന് പരിക്കേറ്റതുകൊണ്ട് പ്രിന്‍സിനെ യുദ്ധത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പക്ഷെ, ടിനുവും വിനീതും എവിടെയാണെന്ന് ഒരു വിവരവുമില്ല.

പ്രിന്‍സിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങള്‍
പരിക്ക് ഭേദമാകാറായാല്‍ വീണ്ടും പ്രിന്‍സിനെ യുദ്ധത്തിന് കൊണ്ടുപോകുമെന്നാണ് ഇപ്പോള്‍ ഞങ്ങളുടെ ഭയം. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം. അതില്‍ കൂടുതല്‍ എന്താണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്, വിനീതിന്റെ അമ്മ കണ്ണീരൊപ്പി.
അഞ്ചുതെങ്ങ് സ്വദേശികള്‍ റഷ്യയില്‍ ജോലി തട്ടിപ്പില്‍പെട്ട് യുദ്ധഭൂമിയില്‍ കുടുങ്ങിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് മുഖാന്തരം ജനുവരി മൂന്നിന് രാത്രി എട്ടുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ചെന്നൈ, ഷാര്‍ജ വഴിയാണ് ഇവര്‍ റഷ്യയിലേക്ക് പോയത്. റഷ്യന്‍ സര്‍ക്കാരില്‍ ഓഫീസ് ജോലി, ഹെല്‍പര്‍, സെക്യൂരിറ്റി ഓഫീസര്‍ ജോലികളായിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
പ്രതിമാസം 1.95 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളവും 50,000 രൂപ അലവന്‍സുമുണ്ടെന്നും ഒരുവര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍, ജോലിക്കെന്ന് പറഞ്ഞ് കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ടുപോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
റഷ്യയില്‍ പോകാന്‍ വാങ്ങിയത് ഒരാളില്‍ നിന്ന് ഏഴുലക്ഷം രൂപ
തുമ്പ സ്വദേശിയായ സന്തോഷ് അലക്സ് എന്നയാളുവഴിയാണ് ഇവരെല്ലാം റഷ്യയിലെത്തിയത്. ഒരാളില്‍നിന്ന് എഴുലക്ഷം രൂപയാണ് ഇതിനായി വാങ്ങിയത്. പലതവണയായി ഇങ്ങനെ 21 ലക്ഷം രൂപയാണ് മക്കള്‍ക്ക് വേണ്ടി ഇവര്‍ വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തത്. ആഴ്ചപ്പലിശയ്ക്കെടുത്ത പണം ഇപ്പോള്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയും ഈ മൂന്ന് കുടുംബങ്ങളിലുണ്ട്.
എല്ലാ ആഴ്ചയും പലിശയും മുതലുമടക്കം നല്ലൊരു തുക അടയ്ക്കണം. രണ്ടുലക്ഷം രൂപ മാസം ശമ്പളം കിട്ടിയാല്‍ അതുപയോഗിച്ച് കടം വീട്ടാമെന്നാണ് കരുതിയിരുന്നതെന്ന് വിനീതിന്റെ മുത്തശ്ശി പറയുന്നു. വിനീതിന്റെ അച്ഛന്‍ മരിച്ചതാണ്. കുടുംബത്തില്‍ ആകെയുള്ള ആണ്‍തരി. അവന്‍ കടലിനോട് മല്ലിട്ട് കൊണ്ടുവന്നിരുന്ന തുച്ഛമായ തുകയാണ് ഇത്രയും നാള്‍ വിശപ്പകറ്റിയിരുന്നത്. വീടു പണിയാനും നല്ല നിലയില്‍ ജീവിക്കാനും ഇങ്ങനെ പോയാല്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രിന്‍സിനൊപ്പം പോകാന്‍ വിനുവും തീരുമാനിച്ചത്.
മകന്‍ യുദ്ധഭൂമിയില്‍ ആണെന്നറിഞ്ഞ് തളര്‍ന്ന ടിനുവിന്റെ അമ്മ ബിന്ദു ഇപ്പോഴും അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായിട്ടില്ല. ഇനിയെങ്ങനെ അവരെ തിരികെ കൊണ്ടുവരുമെന്ന് ആരും പറയുന്നുമില്ല. ജോലിക്കെന്ന് പറഞ്ഞ് കൊലക്കളത്തിലേക്ക് പോയ മക്കളെ ഓര്‍ത്ത് നീറിപ്പുകയുന്ന മൂന്ന് വീടുകളാണിത്.
പക്ഷെ ഇതുമാത്രമല്ല, പ്രിന്‍സിനെപ്പോലെ യുദ്ധഭൂമിയില്‍ പരിക്കേറ്റ് രക്ഷപ്പെടാന്‍ സാധിച്ച പാറശ്ശാല ഒറ്റച്ചിറ സ്വദേശി ഡേവിഡ് മുത്തപ്പന് പറയാന്‍ എംബസിയുടെ തിരസ്‌കരണത്തിന്റെ കഥയുമുണ്ട്. പരിക്കേറ്റ് രക്ഷപ്പെട്ട് എംബസിയിലെത്തിയെങ്കിലും രേഖകളില്ലാതെ സഹായിക്കാനാകില്ലെന്നാണ് എംബസിയെടുത്ത നിലപാട്.
റഷ്യയില്‍ വര്‍ഷങ്ങളായി താമസിച്ച് പൗരത്വം നേടിയ സന്തോഷ് അലക്സ് രാജ്യത്തെ പലഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളെ ഇങ്ങനെ റഷ്യയിലേക്ക് കബളിപ്പിച്ച് എത്തിച്ചിട്ടുണ്ട്. ഇവരില്‍ എത്രപേര്‍ ഇപ്പോള്‍ ജീവനോടെയുണ്ട് എന്ന വിവരങ്ങള്‍ പോലും ലഭ്യമല്ല. തൊഴില്‍ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്നവരില്‍നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്പോര്‍ട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയയ്ക്കുകയുമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികള്‍ കുറച്ചുദിവസം മുമ്പ് സി.ബി.ഐ. റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, തുമ്പ സ്വദേശിയുടെ സഹായിയും ബന്ധുവും ഈ തട്ടിപ്പില്‍ പങ്കാളിയാണ്. ഇയാളെ പിടികൂടിയിട്ടില്ല. രേഖകള്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെടുത്തല്‍ താമസിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കാത്തിരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുമ്പോള്‍ എന്തുറപ്പിന്റെ പേരില്‍ കാത്തിരിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
