രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും | AFP
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത് ശര്‍മയില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് നല്‍കിയതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഞായറാഴ്ച കഴിഞ്ഞത്. ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തോല്‍വിയേറ്റു വാങ്ങാനായിരുന്നു മുംബൈയുടെ വിധി. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് തീരുമാനിച്ചതില്‍ വലിയ പ്രതിഷേധങ്ങള്‍ നേരത്തേ തന്നെയുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ തോറ്റതോടെ, അതിന്റെ ആക്കം വര്‍ധിച്ചിരിക്കുകയാണ്.
ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള മുറുമുറുപ്പ് മറനീക്കി പുറത്തുവന്ന ചില ദൃശ്യങ്ങളും കഴിഞ്ഞദിവസത്തെ കളിക്കിടെ കാണാനായി. ആരാധക പിന്തുണ രോഹിത്തിന് തന്നെയാണെന്നതിനുള്ളതിന് ഗാലറിയില്‍നിന്നും സാക്ഷ്യങ്ങളുണ്ടായി. മത്സരത്തിലുടനീളം ആരാധകര്‍ ഹര്‍ദിക്കിനെ ട്രോളുകയായിരുന്നു. ടോസ് സമയം മുതല്‍ തന്നെ രോഹിത് ശര്‍മ എന്നായിരുന്നു ഗാലറിയില്‍നിന്ന് നിരന്തരമായി മുഴങ്ങിക്കേട്ടത്.
മത്സരം അവസാനിച്ചതിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ പിന്നിലെത്തി കെട്ടിപ്പിടിക്കുന്ന ഒരു ദൃശ്യമുണ്ടായിരുന്നു. രോഹിത് ഗുജറാത്ത് താരങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ഹാര്‍ദിക്കിന്റെ പിന്നിലൂടെ വന്നുള്ള കെട്ടിപ്പിടിത്തം. പക്ഷേ, രോഹിത് അതിനോട് വളരെ തീവ്രമായാണ് പ്രതികരിച്ചത്. ഹര്‍ദിക്കിനെ തള്ളിമാറ്റുകയാണ് രോഹിത് ചെയ്തത്. തുടര്‍ന്ന് എന്തോ കാര്യത്തിന്റെ പേരില്‍ കയര്‍ത്ത് സംസാരിക്കുന്നതും അതുകേട്ട് ഹാര്‍ദിക് നിരാശനായി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മത്സരത്തിനിടെ രോഹിത്തിനോട് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാന്‍ ഹാര്‍ദിക് ആജ്ഞാപിച്ചത് ആരാധകര്‍ വലിയ രോഷം സൃഷ്ടിച്ചു. ഹാര്‍ദിക്കിന്റെ ഈ നീക്കം രോഹിത്തിനെ സ്തംഭിപ്പിച്ചു. രോഹിത്തിനെ അവഗണിച്ചെന്ന് ആരോപിച്ച് ഇതിനെതിരെയും ആരാധകര്‍ പ്രതിഷേധിക്കുന്നുണ്ട്.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഒരു നായ ഗ്രൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ ഹാര്‍ദിക്, ഹാര്‍ദിക് എന്നാണ് ആരാധകര്‍ അതിനെ വിളിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ നിശ്ചിത ഓവറില്‍ 168-ല്‍ പിടിച്ചുകെട്ടാന്‍ മുംബൈക്ക് കഴിഞ്ഞിരുന്നു. മറുപടി ബാറ്റുചെയ്ത മുംബൈ നിരയില്‍ രോഹിത് ശര്‍മ മികച്ച സ്‌കോര്‍ കണ്ടെത്തി-43 റണ്‍സ്. ഇതിന്റെ ആനുകൂല്യം പക്ഷേ, മുംബൈക്ക് മുതലാക്കാനായില്ല. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കേ, 30 പന്തില്‍ 43 റണ്‍സ് മതിയായിരുന്നു മുംബൈക്ക്.
ഇതു പിന്നീട് അവസാന ഓവറില്‍ 19 റണ്‍സ് എന്ന നിലയിലെത്തി. ഹാര്‍ദിക് പാണ്ഡ്യ ക്രീസിലുണ്ടായിരുന്നു. ആദ്യ രണ്ട് പന്തുകളില്‍ ഹാര്‍ദിക്, യഥാക്രമം സിക്‌സും ഫോറും നേടി. മൂന്നാം പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. അടുത്ത പന്തില്‍ പിയൂഷ് ചൗളയും പുറത്തായതോടെ കളിയില്‍ ഗുജറാത്ത് ആറ് റണ്‍സിന്റെ ജയം നേടി.
