Photo By OLLY GREENWOOD| AFP

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച തീരുമാനം മാറ്റി പാകിസ്താന്‍ ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിര്‍. വരാനിരിക്കുന്ന ടി 20 ലോകകപ്പ് ടീം സെലക്ഷനിലേക്ക് താന്‍ ലഭ്യമാണെന്ന് ആമിര്‍ അറിയിച്ചു. 2021-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും ആമിര്‍ വിരമിച്ചിരുന്നു. നിരവധി രാജ്യങ്ങളിലെ ടി20 ലീഗ് മത്സരങ്ങളില്‍ ഇപ്പോഴും താരമുണ്ട്.

‘പാകിസ്താനുവേണ്ടി കളിക്കുക എന്ന സ്വപ്‌നം ഇപ്പോഴുമുണ്ട്. ചില സമയങ്ങളില്‍ നമ്മുടെ തീരുമാനം പുനര്‍വിചിന്തനം ചെയ്യേണ്ട ഘട്ടങ്ങളിലേക്ക് നമ്മെ ജീവിതം എത്തിക്കും. ഞാനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചില പോസിറ്റീവ് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അവിടെ അവര്‍ എന്നെ ആവശ്യമാണെന്നും പാകിസ്താനുവേണ്ടി ഇനിയും കളിക്കാമെന്നുമുള്ള തോന്നലുണ്ടാക്കി’- ആമിര്‍ എക്‌സില്‍ കുറിച്ചു.

ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ് മുഹമ്മദ് ആമിറിന്റെ ക്രിക്കറ്റ് കരിയര്‍. വാതുവെപ്പ് കേസ് ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് 2010 മുതല്‍ 2015 വരെയുള്ള അഞ്ചുവര്‍ഷം ക്രിക്കറ്റില്‍നിന്നുള്ള വിലക്ക് നേരിട്ടു. ഇതേ കേസില്‍ ജയിലിലടക്കപ്പെടുകയും ചെയ്തു. 2020-ല്‍ മാഞ്ചെസ്റ്ററിലാണ് പാകിസ്താനുവേണ്ടി അവസാനമായി ടി20 മത്സരം കളിച്ചത്.

മുപ്പത്തിരണ്ടുകാരനായ ആമിര്‍, പാകിസ്താനുവേണ്ടി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 50 ടി20യും കളിച്ചിട്ടുണ്ട്. 259 വിക്കറ്റുകളാണ് ദേശീയ ടീമിനുവേണ്ടി നേടിയത്. 2019-ല്‍ ടെസ്റ്റില്‍നിന്ന് വിരമിച്ച ആമിര്‍, പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഏകദിന, ടി20 ദേശീയ ടീമില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു പാക് താരമായ ഇമാദ് വസീമും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് രംഗത്തെത്തിയിരുന്നു.