അനിത ആർ. രാധാകൃഷ്ണൻ | Photo: ANI

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരേ പോലീസ് നടപടിയെടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി അനിത ആര്‍. രാധാകൃഷ്ണനെതിരേയാണ് പോലീസ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി. സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് ചിത്രാംഗദന്റെ പരാതിയിലാണ് പോലീസ് നടപടി.

മാര്‍ച്ച് 22-ന് പരമന്‍കുറിച്ചിയ്ക്ക് സമീപം നടന്ന ഡി.എം.കെ. പാര്‍ട്ടി യോഗത്തില്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചിത്രാംഗദന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാകളക്ടര്‍ ജി. ലക്ഷ്മീപതിയ്ക്കും പരാതി നല്‍കിയിരുന്നു. രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങള്‍ നിന്ദ്യവും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി കാമരാജിനെ പുകഴ്ത്തി മോദി സേലം റോഡ് ഷോയ്ക്കിടെ സംസാരിച്ചതിനേയും രാധാകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.

രാധാകൃഷ്ണന്‍ നടത്തിയത് പെരുമാറ്റച്ചട്ടലംഘനമാണെന്നും രാധാകൃഷ്ണനും യോഗത്തിന്റെ സംഘാടകർക്കുമെതിരേ നടപടിയെടുക്കണമെന്നും ചിത്രാംഗദന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അധിക്ഷേപപരാമര്‍ശത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാര (ഐ.പി.സി. 294 (b) വകുപ്പ്) മാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. ഇതനുസരിച്ച് മൂന്ന് മാസത്തെ തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ പിഴയോടുകൂടിയ തടവുശിക്ഷയോ ലഭിച്ചേക്കാം.