പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആറാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നാലിടത്തും തമിഴ്‌നാട്ടിലെ ഒരു സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ 190 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചു.

അജ്മീറില്‍ രാമചന്ദ്ര ചൗധരി, രാജ്‌സമന്ദില്‍ സുദര്‍ശന്‍ റാവത്ത്, ഭില്‍വാരയില്‍ ദാമോദര്‍ ഗുര്‍ജാര്‍, കോട്ടയില്‍ പ്രഹ്ലാദ് ഗുഞ്ചാള്‍, തിരുനല്‍വേലിയില്‍ അഡ്വ. സി. റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് ആറാം പട്ടികയിലുള്ളത്. രാജസ്ഥാനില്‍ വസുന്ധര രാജെയുടെ അടുത്ത അനുയായി ആയിരുന്നു പ്രഹ്ലാദ് ഗുഞ്ചാള്‍. കഴിഞ്ഞ ദിവസം കോട്ടയില്‍നിന്ന് ശക്തിപ്രകടനമായി വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ജയ്പൂരിലെത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോട്ടയില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്കെതിരായാണ് ഗുഞ്ചാള്‍ മത്സരിക്കുക.

അതേസമയം, അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. തിങ്കളാഴ്ച വൈകീട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇവിടെ പ്രചാരണത്തിന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. നേരത്തെ പരിപാടി തീരുമാനിച്ചിരുന്ന തിരുനല്‍വേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ ഡി.എം.കെയില്‍ അതൃപ്തിയുണ്ടായിരുന്നു. സഖ്യത്തില്‍ അനുവദിച്ച ഒമ്പതുസീറ്റില്‍ എട്ടിടത്തും ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ഇനി മൈലാടുതുറയില്‍കൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ട്.

സീറ്റിനായി നിരവധി നേതാക്കള്‍ രംഗത്തെത്തിയതാണ് തിരുനല്‍വേലിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകാന്‍ കാരണം. ജില്ലാ കോണ്‍ഗ്രസ് ട്രഷറര്‍ പോള്‍രാജ്, നങ്കുനേരി എം.എല്‍.എ. റൂബി മനോഹര്‍, തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ്, മുന്‍ എം.പി. എസ്.എസ്. രാമസുബ്ബു എന്നിവര്‍ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എ.ഐ.സി.സി. അംഗമാണ് റോബര്‍ട്ട് ബ്രൂസ്.