മെഡിക്കൽ സ്റ്റോറിന്റെ പോസ്റ്റർ(ഇടത്ത്) സാബു എം. ജേക്കബ്(വലത്ത്) | Photo: Special Arrangement & facebook.com/sabumjacobtwenty20

കൊച്ചി: വന്‍വിലക്കുറവില്‍ മരുന്ന് നല്‍കുന്ന ട്വന്റി-20യുടെ കിഴക്കമ്പലത്തെ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടണമെന്ന് റിട്ടേണിങ് ഓഫീസര്‍. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചതെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും വ്യക്തമാക്കിയാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ്.കെ.ഉമേഷ് സ്റ്റോര്‍ പൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുധീര്‍.സി.എസ്, അല്‍താഫ്.എം.എം. എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.

80 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെ മാര്‍ച്ച് 21-നാണ് കിഴക്കമ്പലത്തെ ട്വന്റി-20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന് അനുബന്ധമായി കിറ്റക്‌സ് മെഡിക്കല്‍ സ്റ്റോറും ആരംഭിച്ചത്. കിറ്റക്‌സ് എംഡി സാബു എം. ജേക്കബാണ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ട്വന്റി-20 പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ സാബു എം. ജേക്കബും മെഡിക്കല്‍ സ്റ്റോറും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാണെന്ന് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ സ്റ്റോറിന് ട്വന്റി-20 രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കിറ്റക്‌സ് ഡയറക്ടറെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സാബു പറയുന്നതെങ്കിലും ഇത് വോട്ടര്‍മാര്‍ക്ക് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാനുള്ള പ്രേരണയാകാം. അതിനാല്‍, മെഡിക്കല്‍ സ്റ്റോര്‍ പൂട്ടണം. മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍നിന്നും സാബു എം. ജേക്കബിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.