Photo | AFP

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 17-ാം സീസണിലെ ആദ്യ മത്സരംതന്നെ ഗംഭീരമായി തുടങ്ങി മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. 52 പന്തുകള്‍ നേരിട്ട് പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സിക്‌സും മൂന്ന് ഫോറും അകമ്പടി ചേര്‍ത്ത ഇന്നിങ്‌സാണിത്. 33 പന്തുകളില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കണ്ടെത്തിയത്.

ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്, പവര്‍ പ്ലേയ്ക്കു മുന്നേതന്നെ ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ നഷ്ടമായി. തുടര്‍ന്നായിരുന്നു സഞ്ജുവിന്റെ വരവ്. മൂന്നാം വിക്കറ്റില്‍ റിയാന്‍ പരാഗുമായും അഞ്ചാം വിക്കറ്റില്‍ ധ്രുവ് ജുറേലുമായും മികച്ച പ്രകടനം നടത്തി സഞ്ജു ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ചു.

മത്സരത്തില്‍ മികച്ച ആറ് സിക്‌സുകളും സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പിറന്നു. ഐ.പി.എല്‍. കഴിഞ്ഞാല്‍ ടി20 ലോകകപ്പ് വരാനുണ്ടെന്നതിനാല്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ പരിഗണിക്കുക. ഈ രംഗത്ത് ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍ ഉള്ളതിനാല്‍ ലോകകപ്പിനുള്ള ദേശീയ ടീമില്‍ അംഗമാവുക എന്നത് സഞ്ജുവിന് കടുപ്പമേറിയ പണിയാകും.