കേരള വെറ്റിനറി സർവകലാശാല

കല്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസിലർ (വി.സി) ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. ചാൻസിലർകൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ചാൻസിലർ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു പുതിയ വൈസ് ചാൻസലറായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചത്.

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളേജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലം​ഗ കമ്മീഷനെ വി.സി ഡോ. പി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും ശശീന്ദ്രൻ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റതിനുപിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും പി.സി. ശശീന്ദ്രൻ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിൽ നാല്‌ വാർഡൻമാരെ നിയോഗിക്കാനും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതും അടക്കം വിവിധ തിരുത്തൽ നടപടികൾ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായിരുന്നു.