ഹൈക്കോടതി

നേരത്തെ ഇതുസംബന്ധിച്ച അപേക്ഷ ഇ.ഡിക്ക്‌ നൽകിയിരുന്നതായും എന്നാൽ അവർ അനുകൂലമായി പ്രതികരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി.

കൊച്ചി: കരുവന്നൂർ ബാങ്കിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ ആവശ്യപ്പെട്ടിട്ടും ഇ.ഡി. നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇ.ഡിയുടെ കേസിനുതന്നെ അധാരം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന, പോലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണെന്നും ഈ എഫ്.ഐ.ആറിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ കരുവന്നൂർ ബാങ്കിലെ മുഴുവൻ രേഖകളും ആവശ്യമാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

ക്രൈംബ്രാഞ്ചിന്റെ കേസ് നിലനിൽക്കാത്തിടത്തോളം ഇ.ഡിയുടെ കേസിനും നിലനിൽപ്പുണ്ടാകില്ല. അതിനാൽ തങ്ങളുടെ കേസിന്റെ അന്വേഷണം പൂർത്തീകരിക്കുകയാണ് ഏറ്റവും പ്രധാനം. നേരത്തെ ഇതുസംബന്ധിച്ച അപേക്ഷ ഇ.ഡിക്ക്‌ നൽകിയിരുന്നതായും എന്നാൽ അവർ അനുകൂലമായി പ്രതികരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി.

രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. തുടർന്നാണ് അന്വേഷണസംഘം ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയത്. അതേസമയം, കരുവന്നൂർ കള്ളപ്പണക്കേസിൽ അവസാനഘട്ട നടപടിയിലേക്ക് ഇ.ഡി. നീങ്ങുന്നതായാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കളെ വീണ്ടും ചോദ്യംചെയ്യാൻ വിളിക്കാൻ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ എം.എൽ.എ., എം.കെ. കണ്ണൻ, ജില്ലാസെക്രട്ടറി എം.എം. വർഗീസ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും തൃശ്ശൂർ ഏരിയാ കമ്മിറ്റിയംഗവുമായ അനൂപ് ഡേവിസ് കാട എന്നിവരെ ഇ.ഡി. മുമ്പ് പലതവണ വിളിച്ചുവരുത്തിയിരുന്നു. സി.പി.എം. നേതാവായ വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷനും പണമിടപാടുകാരൻ പി. സതീഷ് കുമാറും ആറുമാസത്തിലേറെയായി ജയിലിലാണ്.