ജനാർദന റെഡ്ഡി അമിത്ഷായെ കണ്ടപ്പോൾ |ഫോട്ടോ:twitter.com/GaliJanardhanar/
ബെംഗളൂരു: ലോക്സഭാ തിരഞ്ഞടുപ്പ് അടുത്തിരിക്കെ, ഖനന വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി വീണ്ടും ബി.ജെ.പി.യിൽ ചേർന്നു. ഭാര്യ അരുണലക്ഷ്മിയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ബിജെപിയിൽ അംഗത്വമെടുത്ത അദ്ദേഹം കെ.ആർ.പി.പിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.
കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു റെഡ്ഡിയുടെ മടങ്ങിവരവ്. ഖനന അഴിമതിക്കേസിൽ നടപടികള്‍ നേരിട്ട ജനാര്‍ദ്ദന റെഡ്ഡി, രണ്ട് പതിറ്റാണ്ടലേറെ കാലത്തെ ബിജെപി ബാന്ധവം ഉപേക്ഷിച്ചാണ് കഴിഞ്ഞ വർഷം കെ.ആർ.പി.പി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ഒരു സാധാരണ പ്രവർത്തകനായി ബിജെപിയിൽ പ്രവർത്തിക്കുമെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സത്യസന്ധമായി നിർവ്വഹിക്കുമെന്നും അംഗത്വമെടുത്തശേഷം ജനാർദന റെഡ്ഡി വ്യക്തമാക്കി. ഏതെങ്കിലുംവിധത്തിലുള്ള ഉപാധികളോ അഭിലാഷങ്ങളോ ഇല്ലാതെയാണ് താൻ മടങ്ങിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ രക്തത്തിൽ എന്നും ബിജെപി ഉണ്ടായിരുന്നു. പക്ഷെ, ചില കാരണങ്ങളാൽ പാർട്ടി വിടേണ്ടിവന്നു. എന്നാൽ, ഇന്ന് അമ്മയുടെ മടിത്തട്ടിലേക്ക് തിരികെയെത്തിയെന്ന തോന്നലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി അമിത്ഷായുമായി അടുത്തിടെ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും അനുയായികളുമായി സംസാരിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു.
യെദ്യൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്ന ജനാർദന റെഡ്ഡി, ഖനി അഴിമതി കേസിൽ അറസ്റ്റിലായി ജയിലിലായിരുന്നു. 2015-ല്‍ ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ബെല്ലാരി അടക്കമുള്ള പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള കടുത്ത ഉപാധികള്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചിരുന്നു. തുടര്‍ന്ന് ഗംഗാവതിയില്‍ അദ്ദേഹം പുതിയ വീട് പണികഴിപ്പിക്കുകയും അവിടെ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് 2022-ൽ ബി.ജെ.പി.യുമായി അകന്ന് സ്വന്തമായി കെ.ആർ.പി.പി. പാർട്ടി രൂപവത്കരിച്ചു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗംഗാവതിയിൽ മത്സരിച്ച ജനാർദന റെഡ്ഡി ജയിച്ചു. ബല്ലാരി സിറ്റിയിൽ ഭാര്യ അരുണ റെഡ്ഡിയെ മത്സരിപ്പിച്ചെങ്കിലും കോൺഗ്രസിനായിരുന്നു ജയം.
