SIBIU, Romania Photo: romaniatourism.com

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. ഷെങ്കന്‍ വിസയെടുക്കുന്ന ഒരു സഞ്ചാരിക്ക് ഈ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നു. രാജ്യാതിര്‍ത്തികളിലോ മറ്റ് ഗതാഗത സംവിധാനങ്ങളിലോ യാതോരുവിധ നിയന്ത്രണങ്ങളും നേരിടേണ്ടി വരില്ല എന്നതാണ് ഷെങ്കന്‍ വിസയെ ആകര്‍ഷകമാക്കുന്നത്.

ഈമാസം അവസാനത്തോടെ ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമാവുകയാണ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയയും റൊമേനിയയും. മാര്‍ച്ച് 31 മുതല്‍ ഇരു രാജ്യങ്ങളുടെയും തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഷെങ്കന്‍ രീതികളിലേക്ക് മാറും. കര അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എളുപ്പത്തിലാവുമെന്നതിന്റെ ആവേശത്തിലാണ് സഞ്ചാരി സമൂഹം.

2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണ് ബള്‍ഗേറിയയും റൊമേനിയയും. 2011 മുതല്‍ തന്നെ ഷെങ്കന്റെ ഭാഗമാവാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് അംഗരാജ്യങ്ങളില്‍ നിന്ന് ഈ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ചിലരാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. 12 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒടുവില്‍ ഈ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഷെങ്കന്റെ ഭാഗമാവുന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.

ബള്‍ഗേറിയയും റൊമേനിയയും അവരുടെ കറന്‍സികള്‍ ഉടന്‍ തന്നെ യൂറോയിലേക്ക് മാറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ഇവരും യൂറോപ്യന്‍ യൂണിയന്റെ പൊതുവായ കറന്‍സി വ്യവസ്ഥയിലേക്ക് മാറേണ്ടി വരുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇരു ബാള്‍ക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. അതേസമയം അവസാനമായി ഷെങ്കനില്‍ ചേര്‍ന്ന ക്രൊയേഷ്യയെ പോലെ ഈ രാജ്യങ്ങളിലും ചെലവുകള്‍ കുത്തനെ വര്‍ധിക്കുമോ എന്ന ആശങ്ക ടൂറിസ്റ്റുകള്‍ക്കുണ്ട്.

ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 1985ലാണ് ഷെങ്കന്‍ രൂപീകരിക്കുന്നത്. പിന്നീട് ഒന്‍പത് തവണയായി നടന്ന വിപുലീകരണത്തിലൂടെ 27 അംഗരാജ്യങ്ങളാണ് ഇപ്പോള്‍ ഷങ്കന്‍ ഏരിയയിലുള്ളത്.