Representative Image| Photo: Canva.com
ലണ്ടൻ: ശ്വാസകോശാർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ലോകത്തെ ആദ്യ വാക്സിൻ വികസിപ്പിക്കാൻ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഒരുങ്ങുന്നു. ഓക്സ്‍ഫഡ് സർവകലാശാല, ഫ്രാൻസിസ് ക്രിക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് ‘ലങ്‍വാക്സ്’ എന്നുപേരിട്ട വാക്സിൻ നിർമാണത്തിനു പിന്നിൽ.
കോവിഡിനെ പ്രതിരോധിക്കാൻ ഓക്സ്ഫഡ് വികസിപ്പിച്ച അസ്ട്രാസെനക വാക്സിനുസമാനമാണ് ലങ്‍വാക്സും. ശ്വാസകോശത്തിൽ അർബുദമുണ്ടാക്കുന്ന ‘റെഡ് ഫ്ളാഗ്’ പ്രോട്ടീനുകളെ വാക്സിനിലെ ഡി.എൻ.എ. ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഡി.എൻ.എ. തന്തുവിന് അർബുദത്തിനുകാരണമാകുന്ന പ്രോട്ടീനുകൾക്കെതിരേ പ്രവർത്തിക്കാൻ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ പരിശീലിപ്പിക്കാൻ കഴിയും.
ആദ്യഘട്ടത്തിൽ നിർമിക്കുന്ന 3000 ഡോസ് വാക്സിനുകൾ റെഡ് ഫ്ളാഗ് പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവർക്കാണ് കൂടുതൽ പ്രശ്നം.
