മഹുവ മൊയ്ത്ര | Photo: PTI

ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ബം​ഗാളിലെ കൃഷ്ണന​ഗർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ സ്ഥാനാർഥിയാണ് മഹുവ.

ന്യൂഡൽഹി: മുൻ എം.പിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ പരിശോധന. മഹുവയുടെ ഡൽഹിയിലെയും കൊൽക്കത്തിയിലെയും വസതികളിൽ ഉൾപ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സിബിഐ നടപടി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ബം​ഗാളിലെ കൃഷ്ണന​ഗർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ സ്ഥാനാർഥിയാണ് മഹുവ. ലോക്സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സി.ബി.ഐക്ക് ലോക്പാൽ നിർദേശം നൽകിയിരുന്നു. തുടർന്ന് സിബിഐ മഹുവയ്ക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് പരിശോധന.

മഹുവയുടെ മുന്‍ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ അരോപണങ്ങള്‍ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്പാലിന് പരാതി നൽകിയത്. സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്‌സ് പാനലിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു നടപടി.

രണ്ട് കോടി രൂപയും ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നായിരുന്നു മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ വേണ്ടിയാണ് മഹുവയ്ക്ക് വ്യവസായി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നല്‍കിയതെന്നായിരുന്നു എത്തിക്‌സ് പാനലിന്റെ കണ്ടെത്തല്‍.