പ്രതീകാത്മക ചിത്രം.
ശ്രീനഗര്‍: കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലേക്കും ലഡാക്കിലെ ഒരു മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിലെ ഉദ്ധംപുര്‍ മണ്ഡലത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ, മുന്‍ മന്ത്രി കൂടിയായ ലാല്‍ സിങ്ങിനെയാണ് മത്സരിപ്പിക്കുന്നത്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രമണ്‍ ഭല്ലയാണ് ജമ്മു മണ്ഡലത്തിലെ സ്ഥാനാര്‍ഥി. ലഡാക്ക് പിടിക്കാനായി കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത് മുന്‍ എം.എല്‍.എ. റിഗ്‌സിന്‍ ജോറയെയാണ്.
പ്രാദേശികമായി സ്വാധീനമുള്ള നേതാവാണ് ലാല്‍ സിങ്. അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞത് മേഖലയിലാകെ പാര്‍ട്ടിക്ക് ഊര്‍ജ്ജമാകുമെന്നാണ് നേതൃത്വം കരുതുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് ലാല്‍ സിങ് ബി.ജെ.പിയുമായി അകന്നത്.
അഞ്ചുഘട്ടമായാണ് ജമ്മു കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് ഏഴ്, മെയ് 13, മെയ് 20 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ്-രജൗരി, ഉദംപുര്‍, ജമ്മു എന്നിവയാണ് ജമ്മു കശ്മീരിലെ മണ്ഡലങ്ങള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടാവുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കശ്മീരില്‍ ഒരേസമയം രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
