തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ | ഫോട്ടോ: PTI

ചെന്നൈ: ലോക്സഭാതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി തമിഴ്നാട്ടില്‍ വരുന്നതെന്നും അല്ലെങ്കില്‍ വിദേശത്തായിരിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ തിരഞ്ഞെടുപ്പുപ്രചാരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ”ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഒരുപദ്ധതിപോലും തമിഴ്നാടിന് അനുവദിച്ചിട്ടില്ല. രാജ്യത്താകമാനം ബി.ജെ.പി.വിരുദ്ധ തരംഗമുണ്ട്. ഭരണം കൈവിട്ടുപോകുമോയെന്ന ഭയം മോദിയുടെ മുഖത്തുനിന്ന് വ്യക്തമാണ്. അതിനാല്‍, ദക്ഷിണേന്ത്യയില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന പരീക്ഷണമാണ് പ്രധാനമന്ത്രി നടത്തുന്നത്.

പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടിയിലൂടെ ഒരു നേട്ടവും ബി.ജെ.പി.ക്കുണ്ടാകാന്‍ പോകുന്നില്ല. അതേസമയം, കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഡി.എം.കെ. ഭരണത്തിനിടയില്‍ തമിഴ്നാട് ഏറെ വളര്‍ന്നു. ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയതിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ എട്ടുലക്ഷം യുവാക്കള്‍ക്ക് ജോലി ലഭിച്ചു. സ്‌കൂളുകളിലെ പ്രഭാതഭക്ഷണപദ്ധതി വിദ്യാര്‍ഥികളുടെ ഹാജര്‍നില വര്‍ധിപ്പിച്ചു. ഡി.എം.കെ. തമിഴ്നാട്ടില്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും ചര്‍ച്ചചെയ്യപ്പെടുകയാണ്. രാജ്യത്തെ മുന്‍നിര സംസ്ഥാനമായി തമിഴ്നാട് മാറി. ഈ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിലും തമിഴ്നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡി.എം.കെ. സഖ്യം നേടുമെന്നത് ഉറപ്പാണ്. ബി.ജെ.പി.ക്ക് തമിഴകമണ്ണില്‍ ഒരു സീറ്റുപോലും ലഭിക്കില്ല” -സ്റ്റാലിന്‍ പ്രചാരണയോഗത്തില്‍ പറഞ്ഞു.