Hareesh Peradi

നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമർശിച്ച് ഹരീഷ് പേരടി. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ കാണാനില്ലെന്നും നിങ്ങളൊക്കെ നല്ല നടി നടൻമാരാണെങ്കിലും ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ കുറിപ്പ്

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല.

പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.. നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്… ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ…അയാൾ ആനന്ദനൃത്തമാടട്ടെ…മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം…മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?