Photo:PTI

ഗുജറാത്ത്; പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്. പേസര്‍ സന്ദീപ് വാര്യരെയാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. നേരത്തേ ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

നിരവധി പേസര്‍മാരുള്ള ഗുജറാത്ത് ടീമില്‍ സന്ദീപ് വാര്യരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്തുപകരും. മോഹിത് ശര്‍മ, ജോഷ് ലിറ്റില്‍, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, കാര്‍ത്തിക് ത്യാഗി, ദര്‍ശന്‍ നല്‍കണ്‍ടേ, സുശാന്ത് മിശ്ര എന്നിവരടങ്ങുന്ന പേസ് സംഘത്തിലേക്കാണ് താരത്തിന്റെ വരവ്.

ഐ.പി.എല്ലിന് പുറമേ കാല്‍ക്കുഴക്കേറ്റ പരിക്ക് മൂലം ഷമി ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. 2023-ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു ഷമി. താരം ലണ്ടനില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അത് വിജയകരമായിരുന്നുവെന്നും നേരത്തേ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കിയിരുന്നു.

മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് കൂടുമാറിയ പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴിലാണ് ഗുജറാത്ത് ഇത്തവണയിറങ്ങുന്നത്.