കെ. കവിത, അരവിന്ദ് കെജ്രിവാൾ | Photo: ANI, PTI

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനിടെ, ഇഡി അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹർജി ഇന്നുതന്നെ കോടതി പരിഗണിക്കും.

ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇതേമാര്‍ഗത്തില്‍ തന്നെയാണ് അരവിന്ദ് കെജ് രിവാളും കോടതിയില്‍ ഹാജരായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് അരവിന്ദ് കെജ് രിവാളിന്റെ ഹര്‍ജി എത്തുന്നത്. കെജ് രിവാളിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയുടെ കീഴിലുള്ള ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള രണ്ടാം നമ്പര്‍ കോടതിയില്‍ ഇതിനോടകം ലിസ്റ്റ ചെയ്തിട്ടുള്ള കേസുകള്‍ കഴിഞ്ഞാലുടന്‍ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതിന് മൂന്നംഗ ബെഞ്ച് ചേരാമെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കിയിരിക്കുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇ.ഡിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കോടതി ഹര്‍ജി പരഗണിക്കാത്ത പക്ഷം കെജ്രിവാളിന്റെ ജയില്‍വാസം ആസന്നമായേക്കും. കുറച്ചുദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നേക്കും. നാളെമുതല്‍ പത്തുദിവസത്തേക്ക് കോടതി അവധിയാണ് എന്നതും കെജ്രിവാളിന് നിർണായകമായേക്കും.