വി.ഡി.സതീശൻ , പിണറായി വിജയൻ
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തോടുള്ള വെല്ലുവിളി- വി.ഡി.സതീശന്‍
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്.
കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല, ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കി തുറുങ്കിലടക്കുന്ന ആസുര ശക്തികള്‍ക്കെതിരെ കണ്ണും കാതും തുറന്നിരിക്കാമെന്നും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ സദാ സജ്ജരാവണമെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത അധ്യായം, ന്യായീകരിക്കാന്‍ കഴിയാത്തത്- രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്നും രമേശ് ചെന്നിത്തല. പ്രതിപക്ഷകക്ഷികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്റേത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണ്. നരേന്ദ്രമോദി പുട്ടിനായി മാറുന്നു. എതിർശബ്ദങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യം നടപ്പിലാക്കുന്ന മോദിയ്ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സി.പിഎം ജാഥ നടത്തുന്നത് മുതലക്കണ്ണീര്‍ ഒഴുക്കാനാണെന്നും അദ്ദേഹം വിമർശിച്ചു. സി.പിഎം നീക്കം തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കലാണ്. കേന്ദ്രം പാസാക്കിയ നിയമത്തിനെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെജ്‌രിവാളിന്റെ അറസ്റ്റ് ഈ സമയത്ത് പാടില്ലായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. രണ്ടുമാസംകൂടി കാത്തിരുന്ന്, തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നടപടി സ്വീകരിക്കാമായിരുന്നല്ലോ എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
