അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിൽ പ്രതിഷേധിക്കുന്നവർ | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോദിക്കും ബിജെപി സർക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകരെ പോലീസ് നേരിട്ടത് സംഘർഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ പോലീസ് നേരത്തേതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, അറസ്റ്റിനെതിരേ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, രാജിവെക്കില്ലെന്നും ജയിലില്‍കിടന്ന് ഭരണം നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എ.എ.പി പ്രതികരിച്ചത്. ഇതോടെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്. ജയിലില്‍ കിടന്ന് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാന്‍ പാടില്ലെന്നുമാണ് ബിജെപിയുടെ ആവശ്യം.
