വിസിൽ എം.ഡി. ഡോ. ദിവ്യ എസ്.അയ്യർ അനന്തുവിന്റെ വീട്ടിലെത്തിയപ്പോൾ
വിഴിഞ്ഞം (തിരുവനന്തപുരം): ‘വായ്പയെടുത്തും കടമെടുത്തുമാണ് മകനെ പഠിപ്പിച്ചത്, എന്റെ മകനുണ്ടായ അവസ്ഥ ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്’- ദിവ്യ എസ്.അയ്യർക്കു മുന്നിൽ അനന്തുവിന്റെ അമ്മ ബിന്ദു പൊട്ടിക്കരഞ്ഞു പറഞ്ഞു. തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് ദേഹത്തു പതിച്ചാണ് ബി.ഡി.എസ്. വിദ്യാർഥി അനന്തു ബി.അജികുമാർ മരിച്ചത്. വിസിൽ എം.ഡി. ഡോ. ദിവ്യ എസ്. അയ്യർ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വലിയ ബാധ്യതയാണ് തങ്ങൾക്കുള്ളത്. ഇതു പരിഹരിക്കുന്നതിന് തങ്ങളെ സഹായിക്കണമെന്നും കുടുംബം എം.ഡി.യോട് ആവശ്യപ്പെട്ടു.
തുറമുഖ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. അനന്തുവിന്റെ സഹോദരിയും മണ്ണാർക്കാട് കല്ലടി എം.ഇ.എസ്. കോളേജിൽ എം.എസ്.സി. ഫൊൻസിക് സയൻസ് അവസാന വിദ്യാർഥിനിയുമായ അരുണ ബി.അജികുമാറിന് സർക്കാർമേഖലയിൽ ജോലിനൽകുന്നതിന് തുറമുഖ മന്ത്രിയോടു ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനായി സഹോദരിയുടെ വിദ്യാഭ്യാസയോഗ്യതയടക്കമുള്ള വിവരങ്ങളടങ്ങിയ റിപ്പോർട്ട് തയ്യാറാക്കാനായി വിസിലിലെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നും എം.ഡി. പറഞ്ഞു. സർക്കാരിനും മന്ത്രിക്കും ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് നൽകും. രണ്ടു ദിവസത്തിനുള്ളിൽ തുറമുഖ മന്ത്രി അനന്തുവിന്റെ വീട് സന്ദർശിച്ചേക്കും.
സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് വ്യാഴാഴ്ചയും രക്ഷിതാക്കളെ കാണാനെത്തി. അനന്തുവിന്റെ സഹോദരി അരുണയോട് വിദ്യാഭ്യാസയോഗ്യതയുൾപ്പെടെയുള്ള വിവരങ്ങളും ആരാഞ്ഞു. അനന്തുവിന്റെ ബി.ഡി.എസ്. പഠനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വായ്പ, അമ്മ ബിന്ദുവിന്റെ രോഗവിവരങ്ങൾ ഉൾപ്പെടെ ചോദിച്ചറിഞ്ഞു.
