ഷർമിസ്ത മുഖർജി |Photo credits: PTI

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ കെജ്‌രിവാളിനെയും അണ്ണാ ഹസാരെയെയും കുറ്റപ്പെടുത്തി മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയുടെ മകൾ ശര്‍മിഷ്ഠ മുഖര്‍ജി. ‘കർമഫല’മാണ് കെജ്രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് അവർ എക്സിൽ കുറിച്ചു.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിനെതിരെ നിരുത്തരവാദപരവും അടിസ്ഥാരഹിതവുമായ ആരോപണങ്ങളാണ് അണ്ണാ ഹസാരയും കെജ്രിവാളും ഉന്നയിച്ചിരുന്നതെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ആരോപിച്ചു. ഇതിന്‍റെ ഫലമാണ് ഇപ്പോൾ കെജ്രിവാൾ അനുഭവിക്കുന്നതെന്നും അവർ പറഞ്ഞു.

ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അന്ന് അവകാശവാദമുന്നയിച്ചവര്‍ പൊതുജനത്തിനു മുന്നില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുന്നയിച്ചവര്‍ ഇപ്പോൾ അതേ നടപടി നേരിടുകയാണെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരേയും നേതാക്കൾക്കെതിരേയും ശർമിഷ്ഠ മുഖർജി നേരത്തെ വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു. തന്‍റെ വിമർശനങ്ങളുടെ പേരിൽ കോണ്‍ഗ്രസ് അനുയായികള്‍ സമൂഹ മാധ്യമങ്ങളില്‍ തന്നെ നിരന്തരം ആക്ഷേപിക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നു.