Mahendra Singh Dhoni and Rohit Sharma, Photo:AFP

വ്യാഴാഴ്ച തങ്ങളുടെ നായകസ്ഥാനത്തുനിന്ന് ധോനി ഒഴിഞ്ഞതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിക്കുമ്പോള്‍ ഒരു യുഗത്തിന് കൂടിയാണ് അവിടെ തിരശ്ശീല കുറിക്കപ്പെട്ടത്. മഞ്ഞക്കുപ്പായത്തില്‍ ആ എഴാം നമ്പറുകാരന്‍ മൈതാനത്ത് നിറഞ്ഞാടിയ വര്‍ഷങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാത്രമല്ല ക്രിക്കറ്റിന്റെ തന്നെ ചരിത്രമാണ് അയാള്‍ തിരുത്തിക്കുറിച്ചത്. മൈതാനത്തെ തന്റെ സാന്നിധ്യം തന്നെ ടീമിനുള്ള ആത്മവിശ്വാസമാക്കി മാറ്റിയ റാഞ്ചിക്കാരന്‍ നായകസ്ഥാനത്തുനിന്ന് നടന്നകലുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശയിലാണ്. ‘തല’യായി ഇല്ലെങ്കിലും മൈതാനത്ത് ധോനിയെ കാണാനാകുമെന്ന പ്രത്യാശയില്‍ തന്നെയാണ് ഒട്ടുമിക്കവരും.

ചെന്നൈയുടെ പുതിയ നായകനായി ഋതുരാജ് ഗെയ്ക്വാദിനേയാണ് ടീം പ്രഖ്യാപിച്ചത്. ധോനി ഇക്കുറി മറ്റേതെങ്കിലും റോളിലാണോ ടീമിനൊപ്പം ഉണ്ടാകുകയെന്ന സംശയങ്ങളും ആരാധകര്‍ക്കുണ്ട്. തല മാറിയതോടെ മറ്റൊരു നിരാശ കൂടി ആരാധകരെ ഉലയ്ക്കുന്നുണ്ട്. ഐ.പി.എല്ലില്‍ രണ്ട് ഇതിഹാസതാരങ്ങള്‍ നായകസ്ഥാനത്തില്ലാതെയാണ് ഇക്കുറി പുതിയ സീസണിന് കളമൊരുങ്ങുന്നത്. ധോനിയും രോഹിത് ശര്‍മയും. നായകസ്ഥാനത്തുനിന്ന് രണ്ടുപേരും മാറിയതോടെ മുംബൈയും ചെന്നൈയും പുതിയ നായകന്‍മാരുടെ കീഴിലാണ് ഏറ്റുമുട്ടുക. പതിറ്റാണ്ടുകളായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഇതിഹാസങ്ങളുടെ നായകസ്ഥാനത്തുനിന്നുള്ള ഈ പടിയിറക്കമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമായി ആരാധകര്‍ തങ്ങളുടെ കടുത്ത നിരാശ പ്രകടമാക്കുകയാണ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് നായകന്‍മാര്‍ ഇനി മുന്നില്‍ നിന്ന് നയിക്കാനില്ലെന്ന യാഥാര്‍ഥ്യം വിഷമിപ്പിക്കുന്നതാണെന്നും ഒരു യുഗത്തിന്റെ അവസാനമെന്നും പലരും കുറിച്ചു. ധോനിയും രോഹിത്തും കോലിയും നായകന്‍മാരല്ലാത്ത പുതിയ ഐ.പിഎല്‍ സീസണെന്നും ആരാധകര്‍ കുറിച്ചിട്ടു. വെള്ളിയാഴ്ചയാണ് ഐ.പി.എല്‍ 17-ാം സീസണിന് തുടക്കമാവുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈയും തമ്മിലാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ ഗെയ്ക്വാദിന് കീഴിലാണ് ടീം ഇറങ്ങുക. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇക്കുറി മുംബൈയെ നയിക്കുക.

ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് ധോനി ഒഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെയാണ് ടീം അറിയിച്ചത്.

‘ഐ.പി.എല്‍ 2024-ന് മുന്നോടിയായി ധോനി ചെന്നൈയുടെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറി. 2019-മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടുംതൂണാണ് ഋതുരാജ്. 52-മത്സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്.’- ചെന്നൈ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായി ധോനിയുണ്ട്. പിന്നീടങ്ങോട്ട് ടീമിനെ കരുത്തുറ്റ ശക്തിയായി നയിക്കുന്നതും ധോനിയാണ്. തന്റെ നേതൃപാടവും കൃത്യമായ തീരുമാനങ്ങളും കൊണ്ട് ചെന്നൈയുടെ ചരിത്രം തന്നെ ധോനി പുതുക്കിയെഴുതി. അഞ്ച് തവണയാണ് ധോനിയുടെ നായകത്വത്തില്‍ ചെന്നൈ കിരീടം നേടിയത്. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് കിരീടനേട്ടം. അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. ഐ.പിഎല്ലിന് പുറമേ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴില്‍ ചെന്നൈ നേടിയിട്ടുണ്ട്. 2010, 2014 വര്‍ഷങ്ങളിലാണ് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങള്‍ ചെന്നൈ നേടിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രോഹിത്തിന് പകരം പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചത്.

‘മുംബൈ ഇന്ത്യന്‍സിന് എല്ലായിപ്പോഴും മികച്ച നായകന്‍മാരുണ്ടായിട്ടുണ്ട്. സച്ചിന്‍ മുതല്‍ ഹര്‍ഭജന്‍, റിക്കി പോണ്ടിങ് മുതല്‍ രോഹിത്. ടീമിനെ വിജയിപ്പിക്കുന്നതൊടൊപ്പം ഭാവിയിലും ടീമിനെ കരുത്തുറ്റതാക്കാന്‍ പോന്ന കാഴ്ചപ്പാടുള്ളവരാണവര്‍. ഈ തത്വത്തില്‍ മുറുകെപിടിച്ചുകൊണ്ടാണ് 2024 സീസണില്‍ ഹാര്‍ദികിനെ മുംബൈ ഇന്ത്യന്‍സിന്റെ നായകനാക്കുന്നത്.- ടീമിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സായ മഹേല ജയവര്‍ധന പ്രതികരിച്ചു.

രോഹിത് ശര്‍മയുടെ മികച്ച നായകത്വത്തിന് നന്ദി പറഞ്ഞ അദ്ദേഹം രോഹിത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കീഴില്‍ മുംബൈ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറി. ഇനിയും രോഹിത്തിന്റെ നിര്‍ദേശങ്ങള്‍ മൈതാനത്തിനകത്തും പുറത്തും ടീമിന് കരുത്താകുമെന്നും മഹേല പറഞ്ഞു.

2013-മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് രോഹിത്തിന് കീഴില്‍ ടീം ഐപിഎല്‍ ചാമ്പ്യന്മാരായത്. മുംബൈ ടീമിനൊപ്പം നാല് തവണ ഐപിഎല്‍ കിരീടം നേടിയ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനായി 2022-ലും കിരീടം നേടി. 2022, 2023 സീസണുകളില്‍ ഗുജറാത്തിനായി 31 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് 833 റണ്‍സും 11 വിക്കറ്റുകളും നേടി. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. 2022-ല്‍ ചാമ്പ്യന്‍മാരുമായി.