2018-ൽ കൊൽക്കത്തയിൽ നടന്ന ഇടതുപാർട്ടികളുടെ റാലി|ഫോട്ടോ:PTI
ന്യൂഡൽഹി: ഒരിക്കൽ, ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്ന സി.പി.എമ്മിനും ഇന്ത്യയിലെ ഇടതുപക്ഷത്തിനും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിജീവനപാതയിൽ നിർണായകം. 2009 മുതലിങ്ങോട്ട് ലോക്‌സഭാ പ്രാതിനിധ്യത്തിൽ വലിയ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും തിരിച്ചുവരവിനുള്ള കഠിനശ്രമത്തിലാണ്. അതിനവരേറ്റവും പ്രധാനമായി ലക്ഷ്യമിടുന്നത് കേരളമാണ്.
രാജ്യവ്യാപകമായി ബി.ജെ.പി. വിരുദ്ധവോട്ടുകൾ ചിതറാതിരിക്കുന്നതിനൊപ്പം സ്വന്തം ശക്തി കൂട്ടുകയെന്ന വെല്ലുവിളി കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അഭിമുഖീകരിക്കാനുള്ളത്. എങ്കിലും കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയിൽ കൂടുതലിടത്ത് മത്സരിക്കാതെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിനിന്ന് ബി.ജെ.പി.യെ തോൽപ്പിക്കുകയെന്ന മുഖ്യലക്ഷ്യം നിറവേറ്റാനാണ് സി.പി.എമ്മടക്കമുള്ള ഇടതുപക്ഷത്തിന്റെ ശ്രമം.
1952-ലെ ഒന്നാംപാർലമെന്റിൽ പ്രതിപക്ഷനേതാവ് പദമലങ്കരിച്ചത് കേരളത്തിന്റെ സ്വന്തം എ.കെ. ഗോപാലൻ. എ.കെ.ജി.യടക്കം 16 കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങളുടെ സാന്നിധ്യം ഒന്നാം പാർലമെന്റിന്റെ തിളക്കമായി.പിന്നീട് ലോക്‌സഭയിൽ ഇടതുപക്ഷം ഏറ്റവും ശോഭിച്ചത് 2004-ലാണ്. ഒന്നാം യു.പി.എ. സർക്കാരിനു പുറത്തുനിന്ന് പിന്തുണ നൽകി ഇടതുപാർട്ടികൾ ദേശീയരാഷ്ട്രീയത്തിൽ ശക്തിയായി. പശ്ചിമബംഗാളിൽ പാർട്ടിയുടെ പ്രതാപം ഉച്ചസ്ഥായിയിൽനിന്ന കാലം. അന്ന് സി.പി.എമ്മിന് ഒറ്റയ്ക്ക് ലോക്‌സഭയിൽ 43 അംഗങ്ങളുണ്ടായിരുന്നു. സി.പി.എമ്മിന്റെ മികച്ച പാർലമെന്റേറിയനായി ശോഭിച്ച സോമനാഥ് ചാറ്റർജിയായിരുന്നു അന്ന് സ്പീക്കർ.
ഒന്നാം യു.പി.എ.കാലത്തെ തിളക്കം

ദേശീയ തൊഴിലുറപ്പ് നിയമവും വിവരാവകാശ നിയമവുമുൾപ്പെടെ പുരോഗമനോന്മുഖമായ നിയമനിർമാണങ്ങൾ ഒന്നാം യു.പി.എ. ഭരണകാലത്തുണ്ടായപ്പോൾ പ്രധാന ഇടപെടലുകളുമായി സി.പി.എമ്മും സി.പി.ഐ.യും ആർ.എസ്.പി.യും ഫോർവേഡ് ബ്ലോക്കുമുൾപ്പെട്ട ഇടതുപക്ഷം നിലകൊണ്ടു.
2008-ൽ ആണവക്കരാർ വിഷയത്തിൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഒന്നാംസർക്കാരിന്റെ കാലംകഴിഞ്ഞു. രണ്ടാം യു.പി.എ. സർക്കാരിന് ഇടതുപാർട്ടികളുടെ പിന്തുണ ആവശ്യമായില്ല. പിന്നീട് ഇടതുപാർട്ടികൾക്ക് അംഗബലം ഉയർത്താനായില്ല. 1996-ൽ ഐക്യമുന്നണി സർക്കാരിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ജ്യോതിബസു പരിഗണിക്കപ്പെട്ടപ്പോൾ നിരസിച്ച പാർട്ടിയാണ് സി.പി.എം. 1996 മുതൽ 1998 വരെയുണ്ടായ ദേവഗൗഡ, ഗുജ്‌റാൾ മന്ത്രിസഭകളിൽ സി.പി.ഐ.യുടെ ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായും ചതുരാനൻ മിശ്ര കൃഷിമന്ത്രിയായും തിളങ്ങിയ ചരിത്രവുമുണ്ട്.
2019-ലോക്‌സഭ
സി.പി.എം. മത്സരിച്ചത്: 71; ജയിച്ചത്-3
സി.പി.ഐ. മത്സരിച്ചത്: 44; ജയിച്ചത്-2
നേട്ടവും കോട്ടവും
1980 മുതൽ 2004 വരെ 30 സീറ്റിനുമുകളിൽ പാർലമെന്റിൽ പ്രാതിനിധ്യം ഉറപ്പിച്ചുനിർത്താൻ സി.പി.എമ്മിനു സാധിച്ചിരുന്നു.
1971 മുതൽ 2009 വരെ അഞ്ചുശതമാനം വോട്ട് നിലനിർത്തി. 2009-ൽ 5.3 ശതമാനമായിരുന്നു വോട്ടുവിഹിതം. എന്നാൽ, 2014-ൽ 3.3 ശതമാനത്തിലേക്കു താഴ്ന്നു.
പശ്ചിമബംഗാളിൽ 2019-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് സീറ്റുണ്ടായില്ല. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തിൽ 2019-ൽ കിട്ടിയത് ഒരുസീറ്റ്. 2019-ൽ ആകെ 71 സീറ്റുകളിൽ രാജ്യത്ത് മത്സരിച്ചതിൽ സി.പി.എമ്മിനു നേടാനായത് തമിഴ്‌നാട്ടിൽനിന്ന് രണ്ടും കേരളത്തിൽനിന്ന് ഒന്നുമടക്കം മൂന്ന് സീറ്റുമാത്രം.
സി.പി.ഐ. നേടിയത് തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളും.
സി.പി.എമ്മും സി.പി.ഐ.യും ആർ.എസ്.പി.യും ഫോർവേഡ് ബ്ലോക്കും സി.പി.ഐ.എം.എലും ചേർന്നുള്ള ഇടത് ഐക്യം ബംഗാളിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിലവിലുണ്ട്.
