അബ്ദുൾ മുഹമ്മദ് | Photo: twitter.com/IndianTechGuide

ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസില്‍ കാണാതായെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദിനെയാണ് യു.എസില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അതേസമയം, വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍(ഏകദേശം ഒരുലക്ഷത്തോളം രൂപ) മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിയുടെ വൃക്ക വില്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഒഹിയോയിലെ ക്ലേവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ ഐ.ടി. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അബ്ദുള്‍ മുഹമ്മദ്. കഴിഞ്ഞവര്‍ഷം മെയിലാണ് മുഹമ്മദ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. എന്നാല്‍, മാര്‍ച്ച് ഏഴാം തീയതി മുതല്‍ മുഹമ്മദിനെ ഫോണില്‍ കിട്ടുന്നില്ലെന്നും മകനെ കാണാനില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.

മുഹമ്മദിനെ കാണാതായതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ഹൈദരാബാദിലുള്ള പിതാവിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. ക്ലേവ്‌ലാന്‍ഡിലെ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ മകനെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍ തങ്ങള്‍ക്ക് അയച്ചുനല്‍കണമെന്നുമായിരുന്നു അജ്ഞാതന്‍ പറഞ്ഞിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ മകന്റെ വൃക്ക വില്‍ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, എങ്ങനെയാണ് പണം അയക്കേണ്ടതെന്ന് ഫോണ്‍സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

അജ്ഞാതസന്ദേശം ലഭിച്ചതിന് പിന്നാലെ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് സലീം യു.എസിലുള്ള ബന്ധുക്കളെ ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ക്ലേവ്‌ലാന്‍ഡ് പോലീസില്‍ പരാതിയും നല്‍കി. മകനെ കണ്ടെത്താനായി ഷിക്കാഗോയിലെ ഇന്ത്യന്‍ കൗണ്‍സിലിനും കുടുംബം കത്തയച്ചിട്ടുണ്ട്.