പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതി ഷഫീഖിനെ എൻ.ഐ.എ. കോടതിയിലേക്ക് കൊണ്ടുപോകുന്നു.
കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ്. നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എന്‍.ഐ.എ.യുടെ പിടിയില്‍. മലപ്പുറം സ്വദേശി ഷഫീഖിനെയാണ് (28) കേരള പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ സഹകരണത്തോടെ എന്‍.ഐ.എ. പിടികൂടിയത്. കൊല്ലത്തെ ഒളിത്താവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. എന്‍.ഐ.എ. പ്രത്യേകകോടതിയില്‍ ഹാജരാക്കിയ ഷഫീഖിനെ റിമാന്‍ഡ് ചെയ്തു. നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമാണിയാളെന്നാണ് എന്‍.ഐ.എ. നല്‍കുന്ന വിവരം.
ഷഫീഖിന്റെ ഒളിത്താവളത്തെപ്പറ്റി എ.ടി.എസിനു ലഭിച്ച രഹസ്യസന്ദേശം പിന്തുടര്‍ന്നാണ് എന്‍.ഐ.എ. കൊല്ലം കരുനാഗപ്പള്ളി തഴവ ചിറ്റുമല നഴ്സറിമുക്കിനു സമീപത്തെ വീട്ടിലെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ആദ്യംമുതല്‍ ഷഫീഖാണു രഹസ്യനേതൃത്വം നല്‍കിയതെന്ന് എന്‍.ഐ.എ. പറയുന്നു. കൊലപാതകം നടന്ന 2022 ഏപ്രില്‍ 16 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
കേസിലെ ഒന്നാംപ്രതി കെ.പി. അഷറഫിനെയടക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊലയാളി സ്‌ക്വാഡിലേക്കു റിക്രൂട്ട് ചെയ്തതും സംരക്ഷിച്ചതും ഷഫീഖാണെന്ന് എന്‍.ഐ.എ. പറയുന്നു. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടവരുടെ പട്ടിക തയ്യാറാക്കി അവരുടെ താമസസ്ഥലങ്ങള്‍ക്ക് സമീപം രഹസ്യമായി തമ്പടിക്കുകയായിരുന്നു അഷറഫിന്റെയും ഷഫീഖിന്റെയും രീതി.
ഷഫീഖിനൊപ്പം ഒളിവിലായിരുന്ന കെ.വി. സഹീര്‍, ഭീമന്റെവിട ജാഫര്‍ എന്നിവരെ ഫെബ്രുവരി 12-ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചവരുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്.
പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസ് ആദ്യം സംസ്ഥാന പോലീസാണ് അന്വേഷിച്ചിരുന്നത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയുവാന്‍ സൗകര്യമൊരുക്കിയെന്ന കുറ്റത്തിന് ഇയാളെ ആദ്യം പ്രതി ചേര്‍ത്തിരുന്നു. പിന്നീടാണ് കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്. കേസില്‍ ആദ്യകുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാമത്തെ കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍.ഐ.എ. സമര്‍പ്പിച്ചിരുന്നു. 2022 ഏപ്രില്‍ 16-നാണ് ആര്‍.എസ്.എസ്. മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന അരപ്പത്ത് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
