EV Charging | Photo: Gettyimages
അപ്രതീക്ഷിത നീക്കത്തില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇ.വികളുടെ ഇറക്കുമതി തീരുവ അഞ്ചുവര്‍ഷത്തേയ്ക്ക് 15 ശതമാനമായി കുറച്ചിരിക്കുന്നു. നിലവിലെ 70 മുതല്‍ 110 ശതമാനത്തില്‍നിന്നാണ് ഈ വെട്ടിക്കുറയ്ക്കല്‍ എന്ന് ഓര്‍ക്കണം. ചില സുപ്രധാന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് നയം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിവര്‍ഷം 8000 കാറുകളുടെ ഇറക്കുമതിക്ക് മാത്രമാണ് കുറഞ്ഞ താരിഫ് ബാധകം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഫാക്ടറി സ്ഥാപിക്കാന്‍ 4,150 കോടി രൂപ കമ്പനികള്‍ മുടക്കുകയും വേണം. മൂന്ന് വര്‍ഷംകൊണ്ട് 30 ശതമാനവും അഞ്ച് വര്‍ഷംകൊണ്ട് 50 ശതമാനവും ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മിക്കണമെന്നും ഇവി നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
നേട്ടം ചൈനീസ് കമ്പനികള്‍ക്ക്?
2023ല്‍ ബിവൈഡിയായിരുന്നു താരം. ഇ.വികളുടെ തലതൊട്ടപ്പനായ ടെസ്‌ലയെ പിന്നിലാക്കിയായിരുന്നു ഈ മുന്നേറ്റം. ബിവൈഡിയുടെ നേതൃത്വത്തില്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയെ നോട്ടമിട്ടുകഴിഞ്ഞു. ഓട്ടോമൊബൈല്‍ മേഖലയിലെ വിദേശ നിക്ഷേപത്തിന് പ്രത്യേക നിയന്ത്രണമൊന്നുമില്ലെങ്കിലും ചൈനയില്‍നിന്നുള്ള ഏതൊരു നിക്ഷേപത്തിനും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ക്ക് പുതിയ നയത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് തോന്നുന്നില്ല.
ടെസ്‌ലക്ക് നേട്ടമാകുമോ?
ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നത് ടെസ്‌ലയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. അതിന് അവര്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇലോണ്‍ മസ്‌ക് തയ്യാറാണെങ്കില്‍ അതിന് അനുമതി നല്‍കാന്‍ സര്‍ക്കാരും ഒരുക്കണമാണെന്ന് പുതിയ നയം വ്യക്തമാക്കുന്നു. ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതാണ് പുതിയ നയം.
നിലവിലുള്ള ടെസ്‌ലയുടെ വാഹനനിര കണക്കിലെടുക്കുമ്പോള്‍ ഫാക്ടറി നിര്‍മിച്ച് വന്‍തോതില്‍ വില്പന ലക്ഷ്യമിടുമോയെന്ന് സംശയമാണ്. അതേസമയം, ഇന്ത്യയെപ്പോലുള്ള വിപണികള്‍ ലക്ഷ്യമിട്ട് വില കുറഞ്ഞ കാറ് പുറത്തിറക്കാനാണ് അവരുടെ നീക്കം. ഇവിടെതന്നെ വികസിപ്പിച്ച് ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കാനാകും ടെസ്‌ല തയ്യാറാകുക. അതിനുവേണ്ടി രൂപകല്പന ചെയ്തതാണ് പുതിയനയമെന്ന കരുതേണ്ടിയരിക്കുന്നു.
മറ്റ് കമ്പനികളുടെ കാര്യമോ?
മേഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഓഡി എന്നിവക്ക് പുതിയ നയം ഗുണകരമാകുമോയെന്ന് സംശയമാണ്. കാരണം നിലവിലുള്ള നിക്ഷേപങ്ങളെ കണക്കിലെടുക്കുന്നില്ലെന്നതുതന്നെ. ആഡംബര കാര്‍ സെഗ്മെന്റില്‍ 2023ല്‍ ഇവിയുടെ വിഹിതം ആറ് ശതമാനമാണ്. ടെസ്‌ലക്ക് അതിവേഗം ഇ.വി മേഖല പിടിച്ചെടുക്കാനും വന്‍കിടക്കാരെ പിന്നിലാക്കാനും കഴിയും. വിലകുറഞ്ഞ കാറ് നിര്‍മിക്കാന്‍ ബെന്‍സിനോ ബിഎംഡബ്ല്യുക്കോ ഓഡിക്കോ പദ്ധതികളില്ലെന്നത് ടെസ്‌ലക്ക് ഗുണകരമാകും.
ഘടക മേഖലക്ക് അനുകൂലമോ?
ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശികമായി ഫാക്ടറി നിര്‍മിക്കാന്‍ നയം നിര്‍ബന്ധിക്കുന്നു. പ്രതിവര്‍ഷം 8,000 യൂണിറ്റ് ഇറക്കുമതി ചെയ്യാന്‍ വലിയ നിക്ഷേപം വേണ്ടിവരും. അതുകൊണ്ടുതന്നെ മൂന്നു വര്‍ഷത്തിനു ശേഷം കൂടുതല്‍ കാറുകള്‍ പ്രാദേശികമായി നിര്‍മിക്കാന്‍ സാധ്യതയുണ്ട്. ടസ്‌ലയോ മറ്റുകമ്പനികളോ നിര്‍മാണയൂണിറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രാദേശിക ഘടക വ്യവസായത്തെ ആശ്രയിക്കാതെ തരമില്ല. അതുകൊണ്ടുതന്നെ അനുബന്ധ വ്യവസായ മേഖലയ്ക്ക് ഗുണകരമാകും. അവരുടെ ഗവേഷണ-വികസന മുന്നേറ്റത്തിനും കയറ്റുമതിക്കുമുള്ള സാധ്യതകള്‍ അത് തുറന്നുനല്‍കും.
ഏതൊക്കെ കമ്പനികള്‍?
ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ കൂടാതെ വിയറ്റ്‌നാമില്‍നിന്നുള്ള വിന്‍ഫാസ്റ്റ്, അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ ഫിസ്‌കര്‍ എന്നിവയോടൊപ്പം യൂറോപ്പ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ ഫാക്ടറി നിര്‍മിക്കുന്നതിനായി 4000 കോടി രൂപയുടെ പദ്ധതി വിന്‍ഫാസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത യുഎസില്‍നിന്നുള്ള ഫിസ്‌കര്‍, എസ്.യു.വിയുടെ പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ്.
