മുസ്തഫ സുലൈമാൻ | Photo: Joi Ito from Cambridge, MA, USA, CC BY 2.0 , via Wikimedia Commons
മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭത്തിന് നേതൃത്വം നല്‍കാന്‍ മുസ്തഫ സുലൈമാനെ ക്ഷണിച്ച് സത്യ നദെല്ല. കോ പൈലറ്റ്, ബിങ്, എഡ്ജ് ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ എഐ ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും ഗവേഷണങ്ങള്‍ക്കുമാണ് മുസ്തഫ നേതൃത്വം നല്‍കുക.
മൈക്രോസോഫ്റ്റിലേക്ക് സ്വാഗതം, ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രീയപ്പെട്ടതും പ്രയോജനകരവുമായ കോ പൈലറ്റ് പോലെയുള്ള കണ്‍സ്യൂമര്‍ എഐ ഞങ്ങള്‍ നിര്‍മിക്കവെ താങ്കള്‍ മൈക്രോസോഫ്റ്റ് എഐയെ നയിക്കുന്നതില്‍ സന്തോഷമുണ്ട്.’ മുസ്തഫയെ സ്വാഗതം ചെയ്തുകൊണ്ട് നദെല്ല എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഗൂഗിള്‍ ഏറ്റെടുത്ത ഡീപ്പ് മൈൻഡ് എഐ കമ്പനിയുടെ സഹസ്ഥാപകനാണ് മുസ്തഫ സുലൈമാന്‍. ഡീപ്പ് മൈൻഡ് വിട്ടതിന് ശേഷം 2022ല്‍ അദ്ദേഹം ഇന്‍ഫ്‌ളെക്ഷന്‍ എഐ എന്ന മെഷീന്‍ ലേണിങ്, ജനറേറ്റീവ് എഐ കമ്പനി തുടങ്ങുന്നതില്‍ പങ്കാളിയായി.
മുസ്തഫ സുലൈമാന്റെ സുഹൃത്തും വ്യവസായ പങ്കാളിയുമായ കാരെന്‍ സിമോന്യന്‍ ചീഫ് സൈന്റിസ്റ്റ് ആയി മൈക്രോസോഫ്റ്റിലെത്തും ഒപ്പം ഇന്‍ഫ്‌ളെക്ഷന്‍ എഐയിലെ മറ്റ് ചില എഐ വിദഗ്ദരും മുസ്തഫയ്‌ക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. അതേസമയം പുതിയ സിഇഒയ്ക്ക് കീഴില്‍ ഇന്‍ഫ്‌ളെക്ഷന്‍ എഐ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവറായിരുന്നു മുസ്തഫയുടെ പിതാവ്. ഇംഗ്ലണ്ടുകാരിയായ നേഴ്‌സ് ആണ് മാതാവ്. ലണ്ടനിലാണ് മുസ്തഫ സുലൈമാന്‍ വളര്‍ന്നത്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള ഉറ്റസുഹൃത്തിന്റെ സഹോദരനായ ഡെമിസ് ഹസാബിസുമായി ചേര്‍ന്നാണ് മുസ്തഫ ഡീപ്പ്‌മൈൻഡിന് തുടക്കമിട്ടത്. ഫൗണ്ടേഴ്‌സ് ഫണ്ടിന്റെയും ഇലോണ്‍ മസ്‌കിന്റെയും സ്‌കോട്ട് ബാനിസ്റ്ററിന്റെയും സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിച്ച ഡീപ്പ് മൈന്റിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായിരുന്നു മുസ്തഫ.
മുമ്പ് ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്തായ സാം ഓള്‍ട്ട്മാന്‍ തങ്ങളുടെ എഐ വിഭാഗത്തിലേക്ക് വരുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാം ഓള്‍ട്ട്മാന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് ഓപ്പണ്‍ എഐയില്‍ ജീവനക്കാരുടെ പ്രക്ഷോഭം നടന്നത്. സാം ഓള്‍ട്ട്മാനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ തങ്ങളും സാം ഓള്‍ട്ട്മാനൊപ്പം പോവുമെന്ന് ജീവനക്കാര്‍ അന്ന് ഭീഷണി മുഴക്കി. എന്നാല്‍ ഈ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന ചര്‍ച്ചകളിലാണ് ഓപ്പണ്‍ എഐയിലെ പ്രശ്‌നം പരിഹരിക്കപ്പെടുകയും സാം ഓള്‍ട്ട്മാന്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തുകയും ചെയ്തത്.
ഓപ്പണ്‍ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. കോ പൈലറ്റ് ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റിന്റെ എഐ ഉല്പന്നങ്ങള്‍ ഓപ്പണ്‍ എഐയുടെ ജിപിടി 4 പോലുള്ള എഐ മോഡലുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്.
