അക്രമി മാധവൻ നായരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സ്ട്രെച്ചറിൽ കെട്ടിയിട്ടപ്പോൾ, തൃപ്പൂണിത്തുറ അക്രമത്തിൽ പരിക്കേറ്റ നഴ്സ് ദിവ്യ, മർദനമേറ്റ പോലീസുദ്യോഗസ്ഥ റെജി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ.
തൃപ്പൂണിത്തുറ: നഗരഹൃദയത്തിൽ പട്ടാപ്പകൽ പെൺകുട്ടികൾക്കും വനിതകൾക്കും നേരേ മദ്യപന്റെ അക്രമം. ചൊവ്വാഴ്ച വൈകീട്ട് തിരക്കേറിയ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജങ്ഷനിലാണ് സംഭവം. പെൺകുട്ടികളുടെ കരച്ചിൽ കേട്ട് ഓടിച്ചെന്ന വനിതാ പോലീസിനെ അക്രമി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം അക്രമം കാണിച്ച കുരീക്കാട് പാത്രയിൽ മാധവൻ നായരെ (64) പിടികൂടി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോൾ അവിടത്തെ സ്റ്റാഫ് നഴ്സിനെയും ഇയാൾ മർദിച്ചു.
ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ. കാഞ്ഞിരപ്പള്ളി ഞാറക്കാലയിൽ റെജി (42), തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ് ചോയ്സ് സ്കൂളിന് സമീപം അർജുൻ നിവാസിൽ ദിവ്യ (35) എന്നിവർക്കാണ് മർദനമേറ്റത്. ഇവർക്ക് താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.
തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ ചൊവ്വാഴ്ച വൈകീട്ട് 5.20-നാണ് സംഭവം. മദ്യപിച്ചെത്തിയ മാധവൻ നായർ, ബസ് സ്റ്റോപ്പിന് സമീപംനിന്ന പെൺകുട്ടികളോട് അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറിയ ഒരു പെൺകുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയും കരച്ചിൽ കേട്ട് ബസ് സ്റ്റോപ്പിൽ നിന്ന താൻ പിന്നാലെ ഓടിച്ചെല്ലുകയായിരുന്നുവെന്ന് വനിതാ പോലീസുകാരി റെജി പറഞ്ഞു. ഇരുവരും നിലത്തുവീണു. റെജിയുടെ വസ്ത്രവും കീറി. വിവരമറിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്നും പോലീസുകാരെത്തി അക്രമിയെ പിടികൂടി താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെവെച്ച് പോലീസ് സാന്നിധ്യത്തിലാണ് ദിവ്യ എന്ന സ്റ്റാഫ് നഴ്സിനെ ഇയാൾ കിടന്നുകൊണ്ട് മുഖത്ത് ചവിട്ടിയത്. ഇവരുടെ മുഖത്തിന് നീരുണ്ട്.
തുടർന്ന് മാധവൻ നായരെ മറ്റുള്ളവർ ചേർന്ന് സ്ട്രെച്ചറിൽ കെട്ടിയിടുകയായിരുന്നു. മർദനമേറ്റ ഒരു സ്ത്രീയുടെ മൊഴി പ്രകാരം മാധവൻനായരുടെ പേരിൽ കേസെടുത്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു.
സ്ത്രീകളെ മർദിച്ചപ്പോൾ ജനം നോക്കിനിന്നു
പട്ടാപ്പകൽ തിരക്കേറിയ സ്ഥലത്ത് വനിതാ പോലീസിനെയടക്കം അക്രമി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തപ്പോൾ ജനം കാഴ്ചക്കാരായി നിന്നു. പലരും ഫോണിൽ രംഗങ്ങൾ പകർത്താൻ ഉത്സാഹിക്കുകയായിരുന്നുവെന്ന് മർദനമേറ്റ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ. റെജി (42) പറഞ്ഞു. മാധവൻ നായർ ആക്രമിച്ചതോടെ പെൺകുട്ടികൾ ഉച്ചത്തിൽ നിലവിളിച്ചു.
കരച്ചിൽ കേട്ടാണ് ഈ സമയം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിന്ന താൻ ഓടിച്ചെന്നതെന്ന് റെജി പറഞ്ഞു. പെൺകുട്ടിയെയും തന്നെയും അക്രമി മർദിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ മാത്രമാണ് തടസ്സം പിടിക്കാൻ വന്നത്.
വിവരമറിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നും പോലീസുകാരെത്തി അക്രമിയെ പിടികൂടുംവരെയും ആരും പ്രശ്നത്തിലിടപെടാതെ സുരക്ഷിത അകലം പാലിച്ച് കാഴ്ചക്കാരായി നിന്നു.
