കനയ്യ കുമാർ | Photo: PTI

ന്യൂഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്ന കനയ്യകുമാര്‍ 2019-ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ച ബെഗുസരായി ലോക്‌സഭാ മണ്ഡലത്തിനായി ഇന്ത്യ സഖ്യത്തില്‍ തര്‍ക്കം. കനയ്യ കുമാറിന് മത്സരിക്കാനായി ഇത്തവണ മണ്ഡലം തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍, 2019-ലേത് പോലെ ഇത്തവണയും ബെഗുസരായി മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് സിപിഐ.

2019-ല്‍ സിപിഐ സ്ഥാനാര്‍ഥിയായാണ് കനയ്യ കുമാര്‍ ബെഗുസരായി ലോക്‌സഭ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയത്. പിന്നീട് അദ്ദേഹം സിപിഐയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്കെതിരെ നിലവില്‍ ബെഗുസരായി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ളത് കനയ്യ കുമാറിനാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ വിശ്വസ്തനായാണ് കനയ്യ കുമാര്‍ അറിയപ്പെടുന്നത്.

എന്നാല്‍, ബെഗുസരായി തങ്ങളുടെ പരമ്പരാഗത മണ്ഡലമാണെന്നാണ് സിപിഐയുടെ നിലപാട്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും സിപിഐ നേതാക്കള്‍ ആര്‍ജെഡി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 1967-ല്‍ സിപിഐയുടെ യോഗേന്ദ്ര ശര്‍മ്മ വിജയിച്ചത് ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ്. ബെഗുസരായി മണ്ഡലത്തെ സംബന്ധിച്ച് ബിഹാറിലെ ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍ജെഡി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

ബെഗുസരായിക്ക് പുറമെ സിപിഐ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മധുബനി ലോക്‌സഭാ മണ്ഡലത്തെ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. മധുബനി മണ്ഡലം തങ്ങള്‍ക്ക് വേണമെന്നാണ് ആര്‍ജെഡിയുടെ നിലപാട്. ജെഡിയുവില്‍നിന്ന് രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്ന മുന്‍ എം.പി മുഹമ്മദ് അലി അഷ്റഫ് ഫത്മിയെ മധുബനിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍ജെഡിയുടെ നീക്കം.

സിപിഎം മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഖഗാരിയ ലോക്‌സഭാ മണ്ഡലത്തെ സംബന്ധിച്ചും ഇന്ത്യ മുന്നണിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഖഗാരിയ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആര്‍ജെഡിക്കും താത്പര്യമുണ്ട്.