എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് വാർഷിക എൻവിഡിയ ജിടിസി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോൺഫറൻസിൽ സംസാരിക്കുന്നു | Photo: AFP

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് നിലവിലുള്ള എഐ സാങ്കേതിക വിദ്യകളുടെ വികസനത്തിന് ആവശ്യമായ കംപ്യൂട്ടിങ് ശേഷി കൈവരിക്കാനാവുന്നില്ല എന്നുള്ളതാണ്. ശക്തിയേറിയ പ്രൊസസിങ് ചിപ്പുകളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഇതിനായി ആവശ്യമുണ്ട്. ഇന്ന് ഓപ്പണ്‍ എഐ പോലുള്ള മുന്‍നിര കമ്പനികള്‍ അതിനായി ആശ്രയിക്കുന്നത് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളിലൂടെ ശ്രദ്ധേയരായ എന്‍വിഡിയയെ ആണ്.

കാലിഫോര്‍ണിയയില്‍ നടന്ന ജിടിസി 2024 എന്ന കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് എന്‍വിഡിയ തങ്ങളുടെ പുതിയ എഐ ചിപ്പ് അവതരിപ്പിച്ചത്. നിലവില്‍ ഉപയോഗത്തിലുള്ള എച്ച്100 ചിപ്പുകളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ‘ബ്ലാക്ക് വെല്‍’ തലമുറയില്‍ പെട്ട ബി200 ചിപ്പുകളാണ് കമ്പനി അവതരിപ്പിച്ചത്.

എന്നാല്‍ ഈ ചിപ്പുകള്‍ സ്വന്തമാക്കാന്‍ അതിഭീമമായ തുക തന്നെ കമ്പനികള്‍ ചിലവാക്കേണ്ടിവരും. ബ്ലാക്ക് വെല്‍ ബി 200 ചിപ്പ് ഒന്നിന് 30000 ഡോളര്‍ (24.9 ലക്ഷം രൂപ) മുതല്‍ 40000 ഡോളര്‍ (33.2 ലക്ഷം രൂപ) വരെ ചിലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് വെല്‍ ചിപ്പുകളുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി ഡോളറിലധികം തുക മുടക്കിയിട്ടുണ്ട്. നിലവില്‍ വിപണിയിലുള്ള എല്ലാ ചിപ്പുകളേക്കാളും മികച്ച പ്രവര്‍ത്തനക്ഷമതയുണ്ട് ബ്ലാക്ക് വെല്‍ ബി200 ചിപ്പിന്.

നിലവില്‍ എഐ വിപണിയില്‍ ആവശ്യക്കാരേറെയുള്ള എന്‍വിഡിയയുടെ തന്നെ എച്ച്100 ഹോപ്പര്‍ എഐ പ്രൊസസര്‍ ചിപ്പിന് 25000 (20 ലക്ഷം രൂപ) ഡോളര്‍ മുതല്‍ 40000 ഡോളര്‍ വരെയാണ് വില. ഇതിനേക്കാള്‍ അല്‍പ്പം വിലകൂടുതലാണ് ബ്ലാക്ക് വെല്‍ ബി200 ചിപ്പിന്. ചിപ്പിന്റെ മാത്രം വിലയല്ല ഇത്. ചിപ്പ് ഡാറ്റാ സെന്ററില്‍ സ്ഥാപിക്കുന്നതിന് കൂടിയുള്ള ചിലവാണിത്.

എച്ച്100 ചിപ്പിനേക്കാള്‍ ശക്തിയുള്ളതും മികവുറ്റതുമാണ് ബി200. ബ്ലാക്ക് വെല്‍ ശ്രേണിയില്‍ ബി100, ബി200, ജിബി200 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ചിപ്പുകളാണ് കമ്പനി അവതരിപ്പിച്ചത്. എച്ച്100 ഉള്‍പ്പെടുന്ന ഹോപ്പര്‍ ശ്രേണിയിലെ ചിപ്പുകളേക്കാള്‍ നാലിരട്ടി വേഗമുണ്ട് ബ്ലാക്ക് വെല്‍ ചിപ്പിന്. എഐയുടെ പ്രവര്‍ത്തനത്തിനും, ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനത്തിനും ഇത് ഏറെ ഉപകാരപ്രദമാണ്.