ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി
കൊച്ചി: ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസറെ കയ്യേറ്റം ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവർണമെന്റ് നഴ്സ് അസോസിയേഷൻ (കെ.ജി.എൻ.എ.) എറണാകുളം ജില്ലാ കമ്മിറ്റി ആശുപത്രി പരിസരത്ത് നടത്തിയ പ്രതിഷേധ യോഗത്തിൽ വാക്കേറ്റം. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ രോഗികളും കൂടെ വന്നവരുമാണ് സമരം നടത്തുന്ന നഴ്സുമാർക്കെതിരേ രംഗത്ത് വന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ആരോപണവിധേയയായ ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്നും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നുമായിരുന്നു കെ.ജി.എൻ.എയുടെ ആവശ്യം. എന്നാൽ ഡോക്ടർക്കെതിരേയുള്ള ആരോപണം വ്യാജമാണെന്നും ഡോക്ടറെ സ്ഥലം മാറ്റിയാൽ ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്നും രോഗികളും വ്യക്തമാക്കി.
ഒരു വർഷത്തോളമായി നഴ്സുമാർ നേരിടുന്നത് ശാരീരികവും മാനസികവുമായ പീഡനം- ഉണ്ണി, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരായ അനു, നിഷ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നഴ്സുമാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഇവർ നഴ്സിങ് ഓഫീസർമാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും കഴിഞ്ഞ ഒരുവർഷമായി ഇതേ സാഹചര്യം ഇവിടെ തുടരുകയാണെന്നും കെ.ജി.എൻ.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ആരോപിക്കുന്നു.
ഒരുവർഷത്തോളമായി നഴ്സുമാർ മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിടുകയാണ്. ഇത് സംബന്ധിച്ച് നഴ്സിങ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ആ വൈരാഗ്യത്തിലാണ് ഇക്കഴിഞ്ഞ മാർച്ച് പതിനാലിന് ലേബർ റൂമിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന നഴ്സിങ് ഓഫീസർ സുകന്യയെ ശാരീരികമായി ഇവർ ഉപദ്രവിച്ചത്. സുകന്യയുടെ ദേഹത്ത് ഉപദ്രവിച്ചതിന്റെ അടയാളങ്ങളുണ്ട്. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. നേരത്തെ പല തവണ ചർച്ചയ്ക്ക് സൂപ്രണ്ട് വിളിച്ചിട്ടും പ്രശ്നം സംസാരിച്ച് രമ്യതയിൽ പരിഹരിക്കാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. രോഗികൾക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ട് വരുത്താത്ത രീതിയിലാണ് ഇന്നത്തെ പ്രതിഷേധം സംഘടിപ്പിച്ചത്. ജോലിക്ക് ഹാജരായ ഒരു നഴ്സും പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞവരും എറണാകുളം ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ നിന്നും ലീവെടുത്ത് എത്തിയ നഴ്സുമാരുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ആരോപണവിധേയരായ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യാത്ത പക്ഷം വലിയ രീതിയിലുള്ള പ്രതിഷേധവും പണിമുടക്കുമായി മുന്നോട്ടു പോകുവാനാണ് കെ.ജി.എൻ.എയുടെ തീരുമാനം- ഉണ്ണി വ്യക്തമാക്കുന്നു.
ഡോക്ടർക്കെതിരേയുള്ള ആരോപണം വ്യാജം, സ്ഥലം മാറ്റിയാൽ ജനകീയസമരം – രോഗികൾ
എന്നാൽ ആരോപണവിധേയരായ ഡോക്ടർമാരെ പിന്തുണച്ച് നഴ്സുമാർക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് ഗൈനക്കോളജി വിഭാഗത്തിലെ രോഗികളും കൂട്ടിന് വന്നവരും. ഡോക്ടർമാർക്കെതിരേയുള്ള ആരോപണം വ്യാജമാണെന്നും ഇരുവരും മികച്ച ഡോക്ടർമാരാണെന്നും രോഗികളോട് മാന്യമായും സ്നേഹത്തോടെയും ഇടപെടുന്നവരാണെന്നും ഇവർ പറയുന്നു.
സർജറിക്ക് ആവശ്യമായ റിപ്പോർട്ട് എടുത്തു വയ്ക്കാത്ത നഴ്സിനെ ഡോക്ടർ ചോദ്യം ചെയ്തതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്. ഡോക്ടർമാർ പ്രശ്നക്കാരാണെങ്കിൽ ജനങ്ങളാണ് പ്രതികരിക്കാറുള്ളത്, ഇവിടെ ഇത്രയും പേർ ഡോക്ടർമാരെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവരുടെ ഭാഗത്ത് തെറ്റില്ലാത്തത് കൊണ്ടാണല്ലോ. രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടല്ല പ്രതിഷധങ്ങൾ സംഘടിപ്പിക്കേണ്ടത്. പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സിക്കാൻ പണമില്ലാത്തവരാണ് ഇവിടെ വരുന്നത്. രോഗികളുടെ ബുദ്ധിമുട്ട് കണ്ട് ഇങ്ങോട്ട് പണം തന്ന് സഹായിക്കുന്നവരാണ് അനു ഡോക്ടറും നിഷ ഡോക്ടറും. ദൂരസ്ഥലത്ത് നിന്ന് പോലും ആളുകൾ ഇവരുടെ സേവനം തേടി എത്തുന്നുണ്ട്. അത് അവരുടെ ചികിത്സ അത്രയും മികച്ചതായതുകൊണ്ടല്ലേ. ജോലിഭാരം കൂടിയതും സൂപ്രണ്ടിന് കൈക്കൂലി ലഭിക്കാത്തതുമാണ് നഴ്സുമാരുടെ പ്രശ്നം. മുൻപ് ഇവിടെ വരുന്ന മിക്ക രോഗികളെയും പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറ്റാറുണ്ടായിരുന്നു. ഈ രണ്ട് ഡോക്ടർമാരും വന്ന ശേഷം അങ്ങനെ സംഭവിച്ചിട്ടില്ല. ആ ഈഗോയും നഴ്സുമാർക്കുണ്ടാവും. ഈയടുത്താണ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പുനരാരംഭിക്കുന്നത്. സമരം ചെയ്തിട്ടാണ് ഗൈനക്കോളജിസ്റ്റുകളെ കൊണ്ടുവരുന്നത്. അങ്ങനെ വന്ന ഡോക്ടർമാരെ ഇവിടെ നിന്നും മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ജനകീയ സമരവുമായി ഞങ്ങൾ മുന്നോട്ട് പോകും. – ജാസ്മിൻ, സജി കബീർ.
