Shobha Karandlaje | Photo: pics4news
ബെംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബി.ജെ.പി. സ്ഥനാർഥിയുമായ ശോഭ കരന്തലജെ. ബെംഗളൂരുവിലെ രാമേശ്വരം കഫെയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു ശോഭയുടെ വിദ്വേഷ പ്രസംഗം. അതേസമയം, കേരളത്തിനെതിരായ വിദ്വേഷ പ്രസംഗത്തിൽ മാപ്പുപറയാൻ ശോഭ തയ്യാറായില്ല.
തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വന്ന് കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെച്ചെന്നും കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി സ്ത്രീകള്‍ക്കുമേല്‍ ആസിഡ് ഒഴിച്ചുവെന്നുമാണ് ശോഭ കരന്തലജെ കഴിഞ്ഞ ദിവസം പറഞ്ഞത്. പരാമർശത്തിനെതിരേ വലിയതോതിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് എക്സ് പ്ലാറ്റ്ഫോമിൽ കേന്ദ്രമന്ത്രി കുറിപ്പിട്ടത്.
തന്റെ പരാമർശം തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ലെന്നും കൃഷ്ണഗിരി വനത്തിൽ പരിശീലനം ലഭിച്ചവരെക്കുറിച്ചാണെന്നും ശോഭ എക്സിൽ കുറിച്ചു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് എന്നായിരുന്നു കുറിപ്പ്. തന്റെ പരാമർശം പിൻവലിക്കുന്നെന്നും ശോഭ എക്സിൽ കുറിച്ചു.
കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമർശത്തിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ‘തമിഴന്മാരും കന്നഡിഗരും ബി.ജെ.പിയുടെ ഈ വിദ്വേഷ പ്രസംഗം തള്ളിക്കളയും. സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാകുന്ന പരാമര്‍ശം നടത്തിയ ശോഭ കരന്ദലജെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. വൃത്തികെട്ട വിഭജന രാഷ്ട്രീയം കളിക്കുന്നത് പ്രധാനമന്ത്രി മുതല്‍ സാധാരണ പ്രവര്‍ത്തകന്‍ വരെ ബി.ജെ.പിയിലെ എല്ലാവരും അവസാനിപ്പിക്കണം. ഈ വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണം’, എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിനെതിരെ കര്‍ണാടകയില്‍വെച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ‘തൊട്ടടുത്ത് കേരളമുണ്ട്, കൂടുതലൊന്നും പറയുന്നില്ല’ എന്നായിരുന്നു ഷാ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്.
