അനന്തുവിന്റെ അമ്മ ബിന്ദു, മരിച്ച അനന്തു
വിഴിഞ്ഞം (തിരുവനന്തപുരം): വൈകീട്ട് മൂന്നിന് അമ്മയെ ഡോക്ടറെ കാണിക്കേണ്ടതായിരുന്നു. അതിനുള്ള കടലാസ് അനന്തുവിന്റെ പോക്കറ്റിലുണ്ടായിരുന്നു. പക്ഷേ, അതേ ആശുപത്രിയിലേക്ക് ആ അമ്മയെത്തിയത് ഒടുവിലായി അവനെ കാണാനായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ഉച്ചയ്ക്കുമുമ്പ് എത്തുമെന്നു പറഞ്ഞ് കോളേജിലേക്കു പോയ മകന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു അമ്മ ബിന്ദു. എന്നാൽ, മകൻ യാത്രപറഞ്ഞുപോയി മിനിറ്റുകൾക്കകം എത്തിയത് അപകടവാർത്തയാണ്.
മകന് ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയുമായാണ് അനന്തുവിനെ പ്രവേശിപ്പിച്ചിരുന്ന നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. എന്നാൽ, പ്രാർഥനകൾ വിഫലമായി. ചൊവ്വാഴ്ച രാവിലെ സ്കൂട്ടറിൽ കോളേജിലേക്കു പോകുമ്പോഴാണ് എതിരേവന്ന ടിപ്പറിൽനിന്ന് കല്ല് ദേഹത്തുവീണ് അനന്തു മരിച്ചത്. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു അനന്തു. ഹൃദയവാൽവിന് തകരാറുള്ളതിനാൽ നിംസിലെ ചികിത്സയിലായിരുന്നു ബിന്ദു.
മകന്റെ വിയോഗമറിഞ്ഞ് ബോധരഹിതയായ അമ്മയെ വളരെ പാടുപെട്ടാണ് ആശുപത്രിയിൽനിന്ന് ബന്ധുക്കൾ മുക്കോലയിലെ വീട്ടിലെത്തിച്ചത്. നെഞ്ചുപിടഞ്ഞ് നിലവിളിച്ച അമ്മയുടെ കരച്ചിൽ കണ്ടുനിന്ന കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടക്കരച്ചിൽ മുക്കോല അനന്തുഭവനെ സങ്കടക്കടലിലാഴ്ത്തി.
മരണവിവരം അറിഞ്ഞ് മുക്കോലയിലെ വീട്ടുവളപ്പിൽ നാട്ടുകാരും അനന്തുവിന്റെ സുഹൃത്തുക്കളുമടക്കം വൻ ജനാവലിയാണ് തടിച്ചുകൂടിയത്.വിദ്യാഭ്യാസ വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് അനന്തുവിന്റെ ബി.ഡി.എസ്. പഠനച്ചെലവ് നടത്തിയിരുന്നത്.എല്ലാ ക്ലാസിലും മികച്ച വിജയം നേടിയിരുന്ന അനന്തു സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു.
അമ്മ ബിന്ദു സി.പി.എമ്മിന്റെ നെല്ലിക്കുന്ന് ബ്രാഞ്ചംഗമാണ്. അനന്തുവിന് ഡി.വൈ.എഫ്.ഐ.യിലും എസ്.എഫ്.ഐ.യിലും ഭാരവാഹിത്വമുണ്ടായിരുന്നു.ഉയർന്ന മാർക്കോടെ ജയിക്കുമെന്നും സ്വന്തമായി ക്ലിനിക് നടത്തി ബാധ്യതയെല്ലാം തീർക്കുമെന്നും അമ്മയോട് പറഞ്ഞിരുന്നു.വിദേശത്ത് ജോലിചെയ്യുന്ന അച്ഛൻ അജികുമാർ ആരോഗ്യപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
