ഡി.എം.കെ. പ്രകടനപത്രിക പുറത്തിറക്കുന്നു | Photo: ANI

ചെന്നെെ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡി.എം.കെ. ഗവർണറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകും, പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷാ നിരോധനം, തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബുധനാഴ്ച പുറത്തിറക്കിയത്. കനിമൊഴിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്.

പൗരത്വ നിയമ ഭേദഗതി പിൻവലിക്കും, ​ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 361 റദ്ദാക്കും, സ്ത്രീകൾക്ക് 33 % സംവരണം നടപ്പിലാക്കും, സംസ്ഥാനങ്ങൾക്ക് ഫെഡറൽ അവകാശങ്ങൾ നൽകുന്നതിനായി ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തും, ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പിൻവലിക്കും, ടോൾ ഗേറ്റുകൾ നീക്കം ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ രാജ്യത്ത് ചർച്ചയായ നിരവധി വിഷയങ്ങളിൽ പാർട്ടി നയം വെളിപ്പെടുത്തുന്നതാണ് ഡി.എം.കെയുടെ പ്രകടന പത്രിക.

തമിഴ്‌നാടിൻ്റെ പുരോഗതിക്കായി ദ്രാവിഡ മാതൃകയിൽ നടപ്പാക്കിയ പദ്ധതികൾ ഇന്ത്യയിലുടനീളം നടപ്പാക്കുമെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രകടന പത്രികയിൽ പറയുന്നത് തങ്ങൾ നടപ്പിലാക്കുമെന്നും ഇതാണ് നേതാക്കൾ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സ്കൂളുകളിൽ കുട്ടികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കും, രാജ്യത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും, വിദ്യാഭ്യാസ ലോണുകൾ ഒഴിവാക്കും, പുതിയ ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി. ഐ.ഐ.എ.ആർ.ഐ. സ്ഥാപിക്കും മുതലായ ജനപ്രിയ നയങ്ങളും ഉൾപ്പെടുന്നതാണ് ഡി.എം.കെയുടെ പ്രകടന പത്രിക.