മഹേശ്വരൻ നായരെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് നില്‍ക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു പാര്‍ട്ടി നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരന്‍ നായരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.
കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരന്‍ നായരുടെ കൂടുമാറ്റം. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.
പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ചാട്ടം സംസ്ഥാനത്ത് ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കെയാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റം തുടരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേർന്നിരുന്നു.
