പ്രതീകാത്മക ചിത്രം
ലഖ്നോ: സുഹൃത്തിന്‍റെ വീട്ടിലെത്തി രണ്ടുകുട്ടികളെ ക്രൂരമായി കൊന്ന കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുദൗണിലാണ് സംഭവം. സാജിദ് റാൺ എന്നയാളെയാണ് യുപി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്.
ബാബ കോളനിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ എതിർവശത്ത് സാജിദ് റാൺ ബാർബർ ഷോപ്പ് നടത്തിയിരുന്നു. കുട്ടികളുടെ പിതാവ് വിനോദിനെ ഇയാൾക്ക് പരിചയമുണ്ടായിരുന്നു. വിനോദിൽനിന്ന് 5,000 രൂപ കടം വാങ്ങാനായി ചൊവ്വാഴ്ച വൈകീട്ടോടെ സാജിദ് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ, വിനോദ് വീട്ടിൽ ഉണ്ടായിരുന്നില്ല. സാജിദിന് ചായ തയ്യാറാക്കാനായി വിനോദിന്റെ ഭാര്യ സംഗീത അടുക്കളയിലേക്ക് പോയപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു.
ദമ്പതികളുടെ 11-കാരനായ മകൻ ആയുഷിനോട് വീടിനുമുകളിൽ അമ്മ നടത്തുന്ന ബ്യൂട്ടിപാർലർ കാണിച്ചുതരുവാൻ സാജിദ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുട്ടി ഇയാളെ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ആയുഷിനെ ഇയാൾ കത്തികൊണ്ടു കൊലപ്പെടുത്തുകയായിരുന്നു. ആയുഷിന്റെ കഴുത്ത് അറക്കുന്നതിനിടെ സഹോദരനായ ഏഴുവയസ്സുകാരൻ അഹാൻ ഇവിടേക്കെത്തി. ഇതോടെ അഹാനെയും സാജിദ് കൊലപ്പെടുത്തി. കുട്ടികളുടെ ഇളയ സഹോദരനായ ആറുവയസ്സുകാരൻ പീയുഷിനെയും സാജിദ് വെറിതെവിട്ടില്ല. സാജിദിൽനിന്നും ഓടിയൊളിച്ചതിനാൽ നിസാരപരിക്കുകളോടെ പീയുഷ് രക്ഷപ്പെട്ടു.
വീടിനുപുറത്ത് ബൈക്കിൽ കാത്തുനിന്ന സഹോദരൻ ജാവേദിനൊപ്പമാണ് സാജിദ് രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കുറ്റകൃത്യത്തിൽ രണ്ടുപേർക്കും പങ്കുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. തന്റെ ഭാര്യ ഗർഭിണിയാണെന്നും ആശുപത്രി ചെലവിനായി പണം വേണമെന്നുമാണ് വിനോദിന്റെ ഭാര്യയോട് സാജിദ് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വിനോദിനെ ഫോണിൽവിളിച്ച സംഗീത, സാജിദിന് പണം കടം കൊടുക്കാൻ നിർദേശിച്ചതായും ഇവർ പറയുന്നു.
വീടിനുസമീപത്തുനിന്ന് സാജിദ് പിന്നീട് പിടിയിലായെങ്കിലും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ വെടിയേറ്റുമരിക്കുകയായിരുന്നു. ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സാജിദിനും ജാവേദിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ലെങ്കിലും സാജിദും വിനോദും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തെ തുടർന്ന് നാട്ടുകാർ സാജിദിന്റെ ബാർബർഷോപ്പിന് തീയിട്ടു. സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നെങ്കിലും പോലീസെത്തി രംഗം ശാന്തമാക്കി.
