കലാണ്ഡലം ഗോപി, സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തിപ്പോരുന്നവരാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെതന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ് ആരോപിച്ചിരുന്നു. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് തന്റെ അച്ഛന്‍ പറഞ്ഞതായും രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

എന്നാല്‍, ചര്‍ച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിച്ചു. സ്നേഹംകൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്റെ പോസ്റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കലാമണ്ഡലം ഗോപിയെ കാണാന്‍ ഇനിയും ശ്രമിക്കുമെന്നും തിരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.