സീത സോറൻ ബിജെപിയിൽ ചേർന്നപ്പോൾ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എല്‍എല്‍എയുമായ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ജെഎംഎമ്മില്‍ നിന്ന് രാജിവെച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദെ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തി സീത സോറന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
‘വേദനാജനകമായ തീരുമാനമായിരുന്നു അത്. ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല, എന്നാല്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അങ്ങനെ ചെയ്യേണ്ടി വരും’ ബിജെപിയില്‍ ചേര്‍ന്ന ശേഷം സീത സോറന്‍ പ്രതികരിച്ചു. ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറനെ രണ്ട് മാസം മുമ്പ് ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു.
ജെഎംഎം സ്ഥാപകന്‍ ഷിബു സോറന്റെ മൂത്ത മകന്‍ ദുര്‍ഗാ സോറന്റെ ഭാര്യയാണ് സീത സോറന്‍. ഷിബു സോറന്റെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ദുര്‍ഗ സോറന്‍ 2009-ല്‍ മരിച്ചു. അദ്ദേഹത്തിന്റെ വിയോഗ ശേഷം ജാമ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ സീത സോറന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹേമന്ത് സോറന്‍ ജയിലായതിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറനെ ഉയര്‍ത്തിയതിന് പിന്നാലെയാണ് സീത പാര്‍ട്ടിയുമായി കൂടുതല്‍ അകന്നത്.
