സുപ്രീംകോടതി,ഡി.വൈ.എഫ്.ഐ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഡി.വൈ.എഫ്.ഐ. അന്തസ്സോടെ ജീവിക്കാന്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണ് പൗരത്വഭേദഗതി നിയമമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. നിയമം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിയമം നടപ്പാക്കിയാല്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അനധികൃതമായി എത്തിയ മുസ്ലിം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അനധികൃതമായി എത്തിയ മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല. മതത്തിന്റെ പേരിലുള്ള ഈ വേര്‍തിരിവ് ഭരണഘടനയുടെ 14-ാം അനുചേദത്തിന്റെ ലംഘനമാണെന്നും ഡി.വൈ.എഫ്.ഐ എഴുതി നല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമം നടപ്പാക്കിയാല്‍ പൗരത്വം ലഭിക്കുന്നതിന് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ മുസ്ലിങ്ങള്‍ക്ക് മതം മാറേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. നിയമം ഭരണഘടനയുടെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്നും സംഘടന വാദിക്കുന്നു. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവരാണ് വാദം സുപ്രീം കോടതിയില്‍ എഴുതിനല്‍കിയത്.