രാഹുൽ ഗാന്ധി | ഫോട്ടോ: പി.ടി.ഐ

‘നാരീശക്തി’യെ തകര്‍ക്കാനാണ് ഇന്ത്യമുന്നണിയുടെ ശ്രമമെന്നായിരുന്നു തെലങ്കാനയില്‍ മോദിയുടെ പരാമര്‍ശം.’ശക്തി’യെ ആക്രമിക്കുന്നത് സ്ത്രീശക്തിയെ ആക്രമിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ അമ്മമാരും പെണ്‍മക്കളും ഇന്ത്യമുന്നണിക്ക് ഇതിനുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ശക്തി’ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സമൂഹമാധ്യമമായ എക്‌സില്‍ പ്രതികരിക്കുകയായിരുന്നു രാഹുൽ.

താന്‍ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളേയടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് മോദിയാണ്. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം അദ്ദേഹത്തിന് നല്ല രീതിയില്‍ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് മോദി ഇതിനെ വളച്ചൊടിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും മോദി കീഴടക്കിവെച്ചിരിക്കുകയാണ്. ഇതിനെയാണ് ശക്തിയെന്ന രീതിയില്‍ താന്‍ പരാമര്‍ശിച്ചതെന്നും രാഹുല്‍ പറഞ്ഞു.

നമ്മുടെ പോരാട്ടം ശക്തിക്കെതിരേയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാജാവിന്റെ ആത്മാവ് ഇ.വി. യന്ത്രത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സികളിലുമാണെന്നും ഈ ശക്തിയെപ്പറ്റിയാണ് താന്‍ പറയുന്നതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ച് അദ്ദേഹം വിമര്‍ശിച്ചിരുന്നു. മുംബൈയിൽ ഞായറാഴ്ച നടന്ന ഇന്ത്യമുന്നണിയുടെ റാലിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍, ‘നാരീശക്തി’യെ തകര്‍ക്കാനാണ് ഇന്ത്യമുന്നണിയുടെ ശ്രമമെന്നായിരുന്നു തെലങ്കാനയില്‍ മോദിയുടെ പരാമര്‍ശം.’ശക്തി’യെ ആക്രമിക്കുന്നത് സ്ത്രീശക്തിയെ ആക്രമിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ അമ്മമാരും പെണ്‍മക്കളും ഇന്ത്യമുന്നണിക്ക് ഇതിനുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാരീശക്തിയുടെ അനുഗ്രഹം തന്റെ ഏറ്റവും വലിയ കവചമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ശക്തിയുടെ ഉയര്‍ച്ചയെ കോണ്‍ഗ്രസ് വെറുക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.